സ്ത്രീകളുടെ അവകാശങ്ങൾക്കായി ഇനിയും ഏറെ ചെയ്യാനുണ്ട്- മന്ത്രി ബിന്ദു കൃഷ്ണ

ഇടുക്കി : സ്ത്രീ ശക്തീകരണവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് സമൂഹത്തിലും നിയമസംവിധാനങ്ങളിലും ഇനിയും മുൻപോട്ടുപോകാനുണ്ടെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ. ഇടുക്കി ജില്ലാ വിമൻസ് കൗൺസിലിന്റെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വയം ഉരുകിത്തീരുമ്പോഴും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാത്ത അമ്മമാരും സഹോദരിമാരും പെൺമക്കളും ഇന്നും സമൂഹത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ജില്ലകളിൽ വിമൻസ് കൗൺസിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇടുക്കിയിലെയും കൊല്ലത്തെയും പ്രവർത്തനങ്ങൾ ആരോഗ്യകരമായ മത്സരത്തിന്റെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഡോ. പി. ശ്രീകല അധ്യക്ഷയായി. വിമൻസ് കൗൺസിൽ തൊടുപുഴ യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ചീഫ് വിപ് അപു ജോൺ ജോസഫ് നിർവഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
കൗൺസിലിന്റെ ഡോക്യുമെന്ററി റോയ് കെ.പൗലോസ് എം.എൽ.എ. പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആദ്യകാല വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ആശ്രയ, സ്വധർ ഭവൻ, അമൽജ്യോതി സ്പെഷ്യൽസ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
സേനാപതി വേണു എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണൻ, അമ്മിണി ജോസ്, ഇടുക്കി വിമൻസ് കൗൺസിൽ സെക്രട്ടറി റോസക്കുട്ടി എബ്രഹാം, എ.ഡി.എം. മിനി കെ.ജോൺ, പഞ്ചായത്ത് അംഗങ്ങൾ, വനിതാ കൗൺസിൽ അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.








































































































































