പെരുനാട് – പമ്പ റോഡിൽ വാഹനങ്ങളിൽ നിന്നും ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത് വന്യമൃഗങ്ങളുടെ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു

ശബരിമല തീർത്ഥാടന കാലയളവിൽ പെരുനാട് – പമ്പ റോഡിൽ വാഹനങ്ങളുടെ അമിതവേഗത മൂലം വന്യമൃഗങ്ങൾ അപകടത്തിൽപ്പെട്ട് ചാകുന്ന സാഹചര്യത്തിൽ, വന്യജീവി സംരക്ഷണത്തിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പ്. പമ്പ സ്പെഷ്യൽ ഡ്യൂട്ടി ഫോറസ്റ്റ് കൺട്രോൾ റൂം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (എ.സി.എഫ്) മനു സത്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 16 മുതൽ 23 വരെ 2 നാടൻ കുരങ്ങുകളും (ബോണറ്റ് മക്കാക്ക്) ഒരു കരിങ്കുരങ്ങും (നീലഗിരി ലംഗൂർ) വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നിൽ ഉൾപ്പെടുന്നതും അതീവ സംരക്ഷണ പ്രാധാന്യമുള്ളതും പൂർണ്ണമായും മരങ്ങളിൽ മാത്രം ജീവിക്കുന്നതുമായ കരിങ്കുരങ്ങ് പോലും ഭക്ഷണാവശിഷ്ടങ്ങൾ തേടി റോഡിലിറങ്ങുന്നത് ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്.
വാഹനങ്ങളിൽ നിന്നും റോഡരികിലേക്ക് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും ഭക്ഷിക്കാനായി വന്യമൃഗങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം.നിലയ്ക്കൽ മുതൽ പമ്പ വരെ 19 കിലോമീറ്റർ റോഡ് വീതികൂട്ടി ടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗത വർധിച്ചതും വന്യമൃഗങ്ങൾക്ക് ഭീഷണിയാണ്.
നിലയ്ക്കൽ – പമ്പ പാതയിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനായി അടിയന്തരമായി കൂടുതൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, റാന്നി വനം ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ ശുചീകരണ തൊഴിലാളികളെ മേഖലയിൽ വിന്യസിക്കുക, വനമേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യവും റോഡരികിലേക്ക് വലിച്ചെറിയരുതെന്ന് തീർത്ഥാടകർക്ക് കൃത്യമായ ബോധവൽക്കരണം നൽകുക എന്നിവ നടപ്പാക്കണമെന്നും വനം വകുപ്പ് നിർദ്ദേശിക്കുന്നു.

















































































































































