രണ്ടു പാലങ്ങൾ നിർമിക്കാൻ നടപടി; ഇടമലക്കുടി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം, രണ്ടു പാലങ്ങൾ നിർമിക്കാൻ നടപടി; എട്ടിലധികം ഉന്നതികളിലേക്ക് ഗതാഗത സൗകര്യമാകും

മൂന്നാർ∙ ഇടമലക്കുടി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി രണ്ടു പാലങ്ങൾ നിർമിക്കാൻ നടപടിയുമായി സർക്കാർ. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള മണലിയാറിനു കുറുകെയും (ഞാവൽ പാലം), കണ്ടത്തികുടയിലെ പുഴയ്ക്ക് കുറുകെയുമാണ് പുതിയ പാലങ്ങൾ നിർമിക്കാൻ ലക്ഷമിടുന്നത്. ഇടമലക്കുടി സ്വദേശിയായ ചന്ദനം എന്ന യുവാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിൽനിന്നു 400 മീറ്റർ മാത്രം ദൂരത്തുളള മണലിയാറിന് സമീപം വരെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മണലിയാറിന് കുറുകെ പാലം വരുന്നതോടെ എട്ടിലധികം ഉന്നതികളിലേക്ക് ഗതാഗത സൗകര്യമാകും.മണലിയാറിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന പാലത്തിൻ്റെ പുതുക്കിയ ഡിസൈൻ തയാറക്കാൻ പൊതുമാരമത്ത് വകുപ്പിന് കത്തുനൽകിയതായും കണ്ടത്തി കുടിയിൽ പട്ടികവർഗ വകുപ്പ് ഫണ്ട് അനുവദിച്ച പാലത്തിനായി നാലു തവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുത്തില്ലെന്നും വീണ്ടും റീടെൻഡർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിലുള്ളത്. ഇരു പാലങ്ങളും യാഥാർഥ്യമായാൽ ഇടമലക്കുടിയിലെ പതിനഞ്ചിലധികം ഉന്നതികളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഗതാഗത സൗകര്യമില്ലാത്തതിനെ തുടർന്ന് ഇടമലക്കുടിയിലെ രോഗികളെ മഞ്ചലിൽ ചുമന്നുകൊണ്ടുപോകുന്നതു പതിവായിരുന്നു. പാലങ്ങളുടെ നിർമാണം കാലതാമസമില്ലാതെ ആരംഭിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.








































































































































