ശബരിമല തീർത്ഥാടനത്തിൽ ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണമെന്ന് റവന്യൂ മന്ത്രി

ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ നിർദേശിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോരായ്മകൾ സംഭവിച്ചശേഷം പരിഹരിക്കുന്നതിനുപകരം അവ മുൻകൂട്ടി ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് അവലോകന യോഗങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇടത്താവളത്തിൽ നടന്ന യോഗത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനകം നടന്ന വിവിധ അവലോകന യോഗങ്ങളിലും ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
വിവിധ വകുപ്പുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഫണ്ട് അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറും എഡിഎമ്മും നിരവധി യോഗങ്ങൾ വിളിച്ചുചേർത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മികച്ച നേതൃത്വം നൽകുന്നുണ്ടെന്ന് ചൂണ്ടികാട്ടിയ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ശുചിത്വത്തിന് പ്രത്യേക പരിഗണന
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്ന് പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വമാണെന്ന് മന്ത്രി പറഞ്ഞു. പമ്പയിൽ ആചാരത്തിന്റെ ഭാഗമെന്ന നിലയിൽ വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാൻ വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീർത്ഥാടകരിലേക്ക് എത്തിക്കണം. വർഷങ്ങളായി തുടരുന്ന ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നതിനാൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം. ഈ വർഷം ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേട്ടം കൈവരിക്കാനാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി നിർദേശിച്ചു.
നിലയ്ക്കലിലും വൈദ്യുത വാഹന ചാർജിങ് സൗകര്യം
വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ചാർജിങ് സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പമ്പയിലെ ഒരു ചാർജിങ് കേന്ദ്രം മാത്രം മതിയാകില്ല. നിലയ്ക്കലിലും ചാർജിങ് കേന്ദ്രം സ്ഥാപിക്കണം. ഒരേസമയം നിരവധി വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ കുറഞ്ഞത് രണ്ട് ചാർജിങ് കേന്ദ്രങ്ങളെങ്കിലും ഈ തീർത്ഥാടനകാലത്ത് സജ്ജമാക്കണം. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടകർക്ക് ബഹുഭാഷാ അറിയിപ്പുകൾ
കേരളത്തിന് പുറത്തുനിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ അവരുടെ ഭാഷകളിൽ ലഭ്യമാക്കണം. സന്നിധാനത്തും പമ്പയിലും തീർത്ഥാടകർ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ നൽകാനുള്ള സംവിധാനം വിപുലീകരിക്കണം. മലയാളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മനസ്സിലാകുന്ന ഭാഷകളിലും അനൗൺസ്മെന്റുകൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
തീർത്ഥാടകർക്ക് സുരക്ഷിതത്വവും സംതൃപ്തിയും ഉറപ്പാക്കണം
അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഒറ്റപ്പെട്ടുപോകുന്ന തീർത്ഥാടകർക്ക് സഹായം വേഗത്തിൽ ലഭ്യമാക്കണം. പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഏകോപനത്തിലൂടെ അടിയന്തര സഹായ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകരുത്.
ദർശനത്തിലൂടെ ലഭിക്കുന്ന ആത്മീയ സംതൃപ്തിക്കൊപ്പം വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളിലൂടെയും സന്തോഷത്തോടെയും സുരക്ഷിതത്വബോധത്തോടെയും മടങ്ങാൻ ഓരോ തീർത്ഥാടകനും കഴിയണം. തീർത്ഥാടന കേന്ദ്രത്തിലെ സേവനമികവിന്റെ പ്രധാന അളവുകോൽ അതായിരിക്കണം. ഇതിനായി എല്ലാ വകുപ്പുകളും മത്സരബുദ്ധിയോടെ മികച്ച സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക താൽപര്യത്തിൽ തയ്യാറാക്കിയ ശബരി പോർട്ടലിന്റെ പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങളും വിവിധ സേവനങ്ങളും തീർത്ഥാടകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് പോർട്ടൽ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമായ വിവരങ്ങൾ യഥാസമയം പുതുക്കി പോർട്ടൽ കൂടുതൽ ജനോപകാരപ്രദമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
അടുത്ത തീർത്ഥാടനകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ നിലവിലെ തീർത്ഥാടനകാലം അവസാനിച്ച ഉടൻ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കണം. ഓരോ വർഷവും അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ മികച്ച ഫലം കൈവരിക്കാനാകൂ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാരും ആലപ്പുഴ ജില്ലാ ഭരണകൂടവും തീർത്ഥാടന മുന്നൊരുക്കങ്ങൾ മികച്ച രീതിയിൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തീർത്ഥാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകളെ മന്ത്രി അഭിനന്ദിച്ചു.
പഴകുളം മധു എംഎൽഎ, ജില്ലാ കളക്ടർമാരായ എ നിസാമുദീൻ (പത്തനംതിട്ട), ഡോ. ദിനേശൻ ചെറുവത്ത് (ഇടുക്കി), ചേതൻ കുമാർ മീണ (കോട്ടയം), ശബരിമല എ ഡി എം ദിലീപ് കെ കൈനിക്കര, പത്തനംതിട്ട എ ഡി എം ആർ രാജലക്ഷ്‌മി, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




































































































































