ബന്ധുവീട്ടിൽ വെച്ച് 9 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു, നേരിൽ കണ്ടത് അമ്മ; ചേർത്തലയിൽ 57കാരന് അഞ്ചു വർഷം തടവ്

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാവനാട്ട് വീട്ടിൽ മധുവിനെ(57)യാണ് ചേർത്തല പ്രത്യേക അതിവേഗ (പോക്സോ) കോടതി ജഡ്ജി ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. കുട്ടി അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഗവൺമെന്റിനോട് കോടതി നിർദേശിച്ചു. ബന്ധുവീട്ടിൽ വന്ന പ്രതി, അവിടെ കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിക്കൊപ്പം കിടക്കുകയും ശരീരഭാഗങ്ങളിൽ പിടിച്ച് അതിക്രമം കാണിക്കുകയുമായിരുന്നു. അവിടേക്ക് വന്ന കുട്ടിയുടെ അമ്മയാണ് ഇത് കണ്ടത്.
മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർമാരായിരുന്ന പി ചന്ദ്രബാബു, ജി അജിത് കുമാർ എന്നിവരാണ്. എ എസ് ഐ ഉഷ ടി, സിവിൽ പൊലീസ് ഓഫീസറായ ദീപു മോൻ എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷൻ വിങ്ങിലെ ഓഫീസർമാരായ സുനിത എ, രതീഷ് ടി എസ്, മാരാരിക്കുളം സ്റ്റേഷനിലെ സി പി ഒ ശ്യാംകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ തെളിവിനായി ഹാജരാക്കുകയും ചെയ്തു.









































































































































