വയോധികരെ ശുശ്രൂഷിക്കുന്നത് നമ്മുടെ സംസ്കാരമായി വളർത്തിയെടുക്കണം : മാർ ജോൺ നെല്ലിക്കുന്നേൽ

വയോധികരേ ശുശ്രൂഷിക്കുന്ന സംസ്കാരം വളർത്തിയെടുക്കുവാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ലോകവയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയിൽ പ്രായമേറിയ മാതാപിതാക്കൾ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വർദ്ധിച്ചുവരുന്ന കാലമാണിത്. വാർദ്ധക്യത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാൻ കഴിയേണ്ടതുണ്ട്. മുതിർന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂർണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളിൽ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രീതി കുട്ടികളിൽ ശീലമാക്കി മാറ്റണം. വയോധികരോടുള്ള ആദരം ആചരണത്തിൽ അവസാനിക്കാതെ ജീവിത ശൈലിയാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവർ പരാതികളും പരിഭവങ്ങളും ഇല്ലാതെ എപ്പോഴും സന്തോഷത്തിൽ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. 2021 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിർന്നവരോട് പുലർത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവർക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തസത്ത.
മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ലോകവയോജന ദിനാചരണം ഇടുക്കി രൂപതയിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.
ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പളളിയിൽ നടന്ന ചടങ്ങുകൾക്ക് രൂപതാ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി. വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച വയോജന ദിനാചരണത്തിൽ 250 ലധികം പ്രായമായവരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ.മാത്യു കരോട്ട്കൊച്ചറയ്ക്കൽ,ഫാ. മാത്യു അഴകനാക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
മിഷൻ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും നേതൃത്വത്തിൽ ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ നടന്ന വയോജന ദിനാചരണത്തിന് രൂപതാ ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര നേതൃത്വം നൽകി.
കെ സി വൈ എം ന്റെ ആഭിമുഖ്യത്തിൽ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന ആഘോഷ പരിപാടികൾ രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട് ഉദ്ഘാടനം ചെയ്തു.
എ കെ സി സി യുടെ നേതൃത്വത്തിൽ പോപ്പ് ഫ്രാൻസിസ് സോഷ്യോ എഡ്യൂക്കേഷൻ സെന്ററിൽ വയോജന ദിനാചരണം മാർ ജോൺ നെല്ലിക്കുന്നേൽ വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
രൂപതയിലെ എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടന്നു.







































































































































