തെന്മല അഭയ കേന്ദ്രത്തിലെ മര്‍ദനം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി; സര്‍ക്കാരിനോട് വിശദീകരണം തേടി

തെന്മല അഭയ കേന്ദ്രത്തിലെ മര്‍ദനത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. സംവിധാനങ്ങള്‍ നിസംഗത പുലര്‍ത്തുകയാണ് എന്ന് പറഞ്ഞ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനോട് വിശദീകരണം തേടി.
70 വയസുള്ള വായോധികരെ മദ്യം നല്കിയ ശേഷം മര്‍ദിക്കുകയാണുണ്ടായത്. മൂന്ന് സ്ത്രീകളും ഒന്‍പത് പുരുഷന്മാരുമാണ് ജീവനക്കാരന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മനുഷ്യമനസാക്ഷിയെ നടുക്കുന്ന വാര്‍ത്താ ട്വന്റിഫോറാണ് പുറംലോകത്തെ അറിയിച്ചത്. സിസ്റ്റം നിസാംഗത പുലര്‍ത്തുന്നു. നിര്‍ഭാഗ്യവശാല്‍ കോടതിയുടെ വാക്കുകള്‍ അധികാര സംവിധാനങ്ങളിലേക്കെത്തുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
മര്‍ദനത്തില്‍ കേന്ദ്രത്തിന്റെ ഉടമയായ അഞ്ചല്‍ അഗത്യക്കോട് സ്വദേശി ബ്രഹ്മദാസിനെ (52) തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2018 ലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. കേസില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പൊലീസ് കോടതി അറിയിക്കും.
അന്തേവാസികളില്‍ നിന്ന് പണം ഈടാക്കിയ ശേഷം മതിയായ ചികിത്സയോ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നായിരുന്നു പരാതി. വയോജനങ്ങള്‍ കഴിഞ്ഞിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഏഴുപേരോളം ഒരുമിച്ച് കഴിഞ്ഞിരുന്നത് ഒരു ചെറിയ മുറിയിലാണ്. പ്രഭാതകൃത്യങ്ങള്‍ പോലും ചെയ്യാന്‍ പ്രയാസപ്പെടുന്ന വയോജനങ്ങള്‍ കഴിഞ്ഞിരുന്നത് വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിലാണ്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് മരണപ്പെട്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ബ്രഹ്മദാസ് മേല്‍നോട്ടം ഏറ്റെടുത്തത്.







































































































