പ്രായമൊക്ക വെറും നമ്പർ! 40-കാരൻ ഗോൾകീപ്പറുടെ സ്വപ്നതുല്യ ലോകകപ്പ് അരങ്ങേറ്റം; സ്പെയിനിനെതിരെ വൻമതിൽ കോട്ട കെട്ടി ‘വോസിഞ്ഞ’ വിസ്‌മയം

ഫിഫ ലോകകപ്പിൽ സ്പെയിനെ കേപ് വെർദെ ഗോൾരഹിത സമനിലയിൽ തളച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് മുഴങ്ങിക്കേട്ടത് ഒറ്റ പേരാണ് ‘വോസിഞ്ഞ’. 40കാരനായ ഗോൾ കീപ്പറിന്റെ പോരാട്ടവീര്യത്തിന് മുന്നിലാണ് സ്പാനിഷ് നിരക്ക് വിജയം നിരസിക്കപ്പെട്ടത്. 40-ാം വയസ്സിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞ, കരുത്തരായ സ്പെയിനിനെതിരെ ഏഴ് തകർപ്പൻ സേവുകൾ നടത്തിയാണ് ടീമിനെ 0-0 സമനിലയിലേക്ക് നയിച്ചത്.
ലോകകപ്പിൽ താരപകിട്ടുമായെത്തിയ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയ ടീമാണ് കേപ് വെർദെ. ഈ സമനിലയിൽ കെയ്പ് വെർദെയുടെ രക്ഷകനായത് 40 വയസ്സുകാരനായ ഗോൾ കീപ്പർ വൊസീഞ്ഞയാണ്. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വോസിഞ്ഞ മത്സരം ആരംഭിച്ചത്.ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം എട്ടോളം ഷോട്ടുകളാണ് വോസിഞ്ഞ തടുത്തിട്ടത്.
മത്സരശേഷം മൈതാനത്ത് വെച്ച് താരം വികാരാധീനനായി പൊട്ടിക്കരയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തന്നെ വളർത്തിയ മുത്തശ്ശീമുത്തശ്ശന്മാർ നേരത്തെ അന്തരിച്ചു. അമ്മയ്ക്ക് അമേരിക്കൻ വിസ ലഭിക്കുന്നതിനായി ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതാണ് അമ്മയെ കളി കാണാൻ എത്തിക്കാൻ കഴിയാതിരുന്നതിന് കാരണമെന്ന് വോസിഞ്ഞ കണ്ണീരോടെ വെളിപ്പെടുത്തി.
തന്റെ ദീർഘകാല സ്വപ്നമാണ് ഈ മത്സരത്തിലൂടെ പൂവണിഞ്ഞതെന്നും, കഴിഞ്ഞ തലമുറകൾക്ക് സാധിക്കാത്ത കാര്യമാണ് താൻ നേടിയതെന്നും വോസിഞ്ഞ പറഞ്ഞു. 25-ാം വയസ്സിലാണ് താരം പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവന്നത്. ഏഴ് സേവുകളിലൂടെ സ്പെയിനിന്റെ സൂപ്പർ താരങ്ങളെ നിഷ്പ്രഭമാക്കിയ വോസിഞ്ഞയെ ‘ബിഗ് ലെജൻഡ്’ എന്നാണ് സഹതാരങ്ങൾ വിശേഷിപ്പിക്കുന്നത്. മത്സരത്തിന് ശേഷം താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് 50,000-ൽ നിന്ന് 2.4 ദശലക്ഷമായി കുതിച്ചുയർന്നു.







































































































