ക്രിസ്തു പകർന്നു നൽകിയ വിശ്വാസം ജീവിത സാക്ഷ്യത്തിലൂടെ വരും തലമുറയ്ക്ക് കൈമാറണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ

ക്രിസ്തു പകർന്നു നൽകിയ വിശ്വാസം ജീവിത സാക്ഷ്യത്തിലൂടെ വരും തലമുറയ്ക്ക് കൈമാറണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശ്വാസജീവിത പരിശീലക സംഗമം കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ കൂട്ടായ്മയിൽ നിന്നുകൊണ്ട് ഈ വിശ്വാസപൈതൃകം പകർന്നു നൽകുക എന്ന ഉത്തരവാദിത്വമാണ് മതാധ്യാപകർ നിർവഹിക്കുന്നത്. വിശ്വാസത്തിൻ്റെ വളർച്ചയില്ലെങ്കിൽ ബാക്കി പുരോഗതികളൊന്നും പുരോഗതികളായി കണക്കാക്കാനാവില്ല. വിശ്വാസത്തിൻ്റെ വളർച്ച വിശുദ്ധ കുർബാന, കൂദാശകൾ, ദൈവവചനം എന്നിവയിൽ അധിഷ്ഠിമായിക്കണം. അൾത്താരയോട് ചേർന്ന് നിന്നുകൊണ്ട് കൂദാശാ കേന്ദ്രീകൃതമായ ആരാധാക്രമ വിശ്വാസ പരിശീലനം എന്നതാണ് വിശ്വാസ പരിശീലനത്തിൻ്റെ അന്തസത്തയെന്ന് ബിഷപ് പറഞ്ഞു.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 1600-ഓളം സൺഡേ സ്കൂൾ അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.
രൂപതയുടെ മുൻ മെത്രാൻ മാർ മാത്യു അറയ്ക്കൽ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന സംഗമം രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഇടവകകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പര്യാപ്തമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന “ലൈറ്റ്” (Light) എന്ന പുതിയ മൊബൈൽ ആപ്പിന്റെ ഉദ്ഘാടന കർമ്മം ചടങ്ങിൽ നടന്നു.
രൂപതാ വികാരി ജനറാൾ ഫാ. ഡോ ജോസഫ് വെള്ളമറ്റം, ഫാ. ഡോ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ കുമളി ഫൊറോനാ വികാരി ഫാ.ഡോ. മാത്യു കല്ലറക്കൽ, രൂപത വിശ്വാസജീവിത പരിശീലന കേന്ദ്രം ഡയറക്ടർ ഫാ.ഡോ. തോമസ് വാളന്മനാൽ, കുമളി, അണക്കര ഫൊറോനകളിലെ വൈദികർ, മതാധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2025 – 26 അധ്യയന വർഷത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾക്ക് അർഹരായവർക്കുള്ള സമ്മാനങ്ങളും ട്രോഫികളും സമ്മേളനത്തിൽ വിതരണം ചെയ്തു. വിശ്വാസ ജീവിത പരിശീലന രംഗത്ത് 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.







































































































