മുഖ്യമന്ത്രി പദം സംബന്ധിച്ച് തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാം, സ്വാഭാവികം: കെ സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാമെന്നും പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാണോയെന്ന ചോദ്യത്തോട് ‘എന്താണ് ക്ഷീണം. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. അതില്‍ എന്താണ് പ്രശ്‌നം. ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യസംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്’, കെ സുധാകരന്‍ പറഞ്ഞു.
‘പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നത്. ആരുടേയും അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വീകരിക്കുന്നവര്‍ക്ക് സ്വീകരിക്കാം. വേണ്ടാത്തവര്‍ സ്വീകരിക്കേണ്ട. തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാം. സ്വാഭാവികയാണ്’, എന്നും കെ സുധാകരന്‍ ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കവെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രശംസിച്ചുള്ള കെ സുധാകരന്റെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, ‘അതെന്താ അത്ഭുതമാണോ? കേരളത്തില്‍ ഇതിന് മുമ്പൊന്നും തെരഞ്ഞെടുപ്പ് നടന്നിട്ടില്ലേ? തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ചര്‍ച്ച തുടങ്ങാറില്ലേ? ചര്‍ച്ച നടക്കാറുണ്ട്. പുതിയ പത്രക്കാര്‍ക്ക് അത് അറിയില്ല. പാരമ്പര്യം ഇല്ലാത്തവരാ ഈ വര്‍ത്തമാനം പറയുന്നത്’, എന്നും കെ സുധാകരന്‍ പറഞ്ഞു.
















































































































