‘ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍’: കെ സി വേണുഗോപാല്‍

കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ച്ചാലിലാണ് യോഗം സംഘടിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പമാണെന്നാണ് ചില സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണം മോഷ്ടിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കി വിശ്വാസം സംരക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം പിണറായി വിജയന്റെ മുന്നില്‍ കവാത്ത് മറക്കുന്ന എംഎല്‍എ ആയിരുന്നു പ്രമോദ് നാരായണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. സ്വര്‍ണക്കൊള്ള വിഷയത്തില്‍ റാന്നി എംഎല്‍എയുടെ നിലപാട് എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. സ്വര്‍ണം മോഷ്ടിച്ച സഖാക്കളെ കുറിച്ച് ഒരക്ഷരം എംഎല്‍എ മിണ്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐഎം നേതാക്കളാണ് ജയിലിലായത്. അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും കുറ്റപത്രം പോലും നല്‍കിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ദുഃസ്വപ്‌നത്തില്‍ പോലും വീണ്ടും പിണറായി സര്‍ക്കാര്‍ വരുന്നത് കാണാന്‍ കേരളീയര്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















































































































