ഇടുക്കിയിൽ സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും,അതിലുണ്ടായ മാറ്റത്തിലുള്ള സങ്കടങ്ങൾ പങ്കുവെക്കുമ്പോൾ, ആ സ്നേഹത്തിന് മുന്നിൽ കണ്ണുകൾ നിറയുകയാണെന്നും ജോയി വെട്ടിക്കുഴിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒപ്പം ഉമ്മൻചാണ്ടിയുടെയും പിടി തോമസിൻ്റേയും ചിത്രം

ഹൃദയം നിറഞ്ഞ സ്നേഹത്തോടെ… പ്രിയപ്പെട്ടവരേ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത് “
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങളിൽ പലരുടെയും ഫോൺകോളുകൾ എന്നെ തേടിയെത്തുന്നുണ്ട്. ഇടുക്കിയിൽ ഞാൻ സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും, അതിലുണ്ടായ മാറ്റത്തിലുള്ള നിങ്ങളുടെ സങ്കടങ്ങളും പരിഭവങ്ങളും നിങ്ങൾ പങ്കുവെക്കുമ്പോൾ, ആ സ്നേഹത്തിന് മുന്നിൽ എന്റെ കണ്ണുകൾ നിറയുകയാണ്. നിങ്ങളുടെ ഈ കരുതലിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനം, അവസാന നിമിഷം വരെ ഇടുക്കിയിലെ സ്ഥാനാർത്ഥിത്വത്തിലേക്ക് എന്റെ പേര് സജീവമായി പരിഗണിച്ചു എന്നത് തന്നെ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാൻ കരുതുന്നു. അതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്.
കോൺഗ്രസിനെപ്പോലെ വലിയൊരു ജനാധിപത്യ പ്രസ്ഥാനത്തിന് പല ഘട്ടങ്ങളിലും പല രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിക്കേണ്ടി വരും. അതിന്റെ ഭാഗമായി മാത്രമാണ് ഈ മാറ്റം. അതിൽ എനിക്ക് സങ്കടമില്ല. കാരണം, ‘ജോയി വെട്ടിക്കുഴി’ എന്ന മലയോരത്തിന്റെ മണ്ണിൽ ജനിച്ച് പരിമിതികളോട് പൊരുതി വളർന്ന ഒരു സാധാരണക്കാരനെ നിങ്ങളറിയുന്ന ഇന്നത്തെ നിലയിലേക്ക് വളർത്തിയത് ഈ പ്രസ്ഥാനമാണ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും, കട്ടപ്പന നഗരസഭാ അധ്യക്ഷ പദവിയും ഉൾപ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങൾ നൽകി പാർട്ടി എന്നെ എക്കാലത്തും നെഞ്ചോട് ചേർത്തുപിടിച്ചിട്ടേയുള്ളൂ.പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്കുവേണ്ടി സംസാരിച്ച ആദരണീയരായ മതമേലധ്യക്ഷന്മാർ, സാംസ്കാരിക നേതാക്കൾ, വിവിധ സാമൂഹിക സംഘടനകളുടെ ഭാരവാഹികൾ എന്നിവരോടുള്ള വലിയ കടപ്പാട് നിറഞ്ഞ ഹൃദയത്തോടെ ഞാൻ രേഖപ്പെടുത്തുന്നു. ഒപ്പം, രാപ്പകലില്ലാതെ എനിക്കൊപ്പം നിന്ന ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ… നിങ്ങളുടെ നിസ്വാർത്ഥമായ സ്നേഹമാണ് പൊതുജീവിതത്തിൽ എന്റെ ഏറ്റവും വലിയ സമ്പാദ്യം.എന്നെ സ്നേഹിക്കുന്നവരോട് ഈ നിമിഷം എനിക്ക് ഒന്നേ പറയാനുള്ളൂ… വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്. നമ്മുടെ മുന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ഉജ്ജ്വല വിജയമാണ്. ഇടുക്കി നിയമസഭാ മണ്ഡലത്തിലും ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും നമ്മുടെ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറണം. അതിനായി നമുക്ക് ഒന്നിച്ച് നിൽക്കാം. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, ഒരു ടീമായി നമുക്ക് പോരാടാം.വിജയം നമ്മുടേതാകും… പ്രസ്ഥാനത്തിന്റേതാകും.ഏറെ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം, ജോയി വെട്ടിക്കുഴി….
















































































































