ഖാദിക്ക് തുണയാര് ? പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 6 കോടിയിലധികം രൂപയുടെ തുണി

തൊഴിലാളികൾക്ക് കുലി പോലും നൽകാൻ കഴിയാത്ത പ്രതിസന്ധിയിലേക്ക് ഖാദിമേഖല. ഖാദി ബോർഡിനു കീഴിലെ പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ മാത്രം 6 കോടിയിലധികം രൂപയുടെ തുണിത്തരങ്ങളാണ് കെട്ടിക്കിടക്കുന്നത്. തൊഴിലാളികളുടെ ജനുവരി മാസത്തെ കൂലി ഇപ്പോഴാണ് നൽകുന്നത്. ഫെബ്രുവരി മാസത്തെ കൂലി എപ്പോൾ നൽകാൻ കഴിയുമെന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥയാണ്. ഖാദി കമ്മിഷൻ ഖാദി തുണിത്തരങ്ങൾക്ക് വില വർധിപ്പിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് പയ്യന്നൂർ ഖാദി കേന്ദ്രം, ഫർക്ക ഗ്രാമോദയ ഖാദി സംഘം പോലുള്ള സ്ഥാപനങ്ങളെയാണ്.
നിർമാണ മേഖലയിലെ തൊഴിലാളികളായിരുന്നു ഖാദി ഏറ്റവും കൂടുതൽ നെയ്യുന്ന കാവി മുണ്ട് വാങ്ങിയിരുന്നത്. വില വർധിച്ചതോടെ സാധാരണ കാവി മുണ്ട് റിബേറ്റ് കഴിച്ച് ലഭിക്കുന്നതിന് 400 രൂപയിലധികം കൊടുക്കണം. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും വരുന്ന കാവി മുണ്ട് 150 രൂപയ്ക്ക് വരെ ലഭിക്കുന്നു. അതും ആഴ്‌ചയിൽ 20 രൂപ വീതം വാങ്ങി ജോലി സ്‌ഥലത്ത് കാവ് മുണ്ട് എത്തിച്ചു കൊടുക്കാൻ തുടങ്ങി. അതോടെ ഖാദിയുടെ കാവി മുണ്ട് നിർമാണ തൊഴിലാളികൾ കയ്യൊഴിഞ്ഞ് ഗോഡൗണിൽ കെട്ടിക്കിടപ്പായി.
ആഴ്ചയിൽ ഒരു ദിവസം ഉദ്യോഗസ്‌ഥർ ഖാദി ധരിക്കുന്നുണ്ടെങ്കിലും അതുമൂലം ഖാദിയുടെ വിൽപനയിൽ കാര്യമായ ചലനം ഇപ്പോൾ ഉണ്ടാകുന്നില്ല. സ്ക്‌കൂൾ യൂണിഫോമിൻ്റെ സ്‌ഥിതിയും വ്യത്യസ്തമല്ല. ഖാദിയുടെ യൂണിഫോം ഇസ്‌തിരി ഇട്ട് നേരെയാക്കാൻ കഴിയുന്നില്ലെന്ന പരാതിയുണ്ട്. സർക്കാർ മേഖലയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് ചില സ്ഥാപനങ്ങൾ സാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ടെങ്കിലും അവർക്ക് യോജിച്ച കളറിലുള്ള തുണി ഇല്ലെന്ന് പറഞ്ഞ് മടങ്ങുന്ന സ്ഥിതിയുമുണ്ട്.
ഇതുമൂലം പുതിയ ഉൽപാദനം കളർ ചേർക്കാത്ത തുണികളിൽ കേന്ദ്രീകരിക്കാനാണ് ശ്രമം. ആവശ്യക്കാർക്ക് ആവശ്യമുള്ള നിറം കൊടുത്ത് അത്തരം തുണികൾ വിൽക്കാമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കാറായ ഘട്ടത്തിൽ ഏറ്റവും വേഗത്തിൽ റിബേറ്റ് ഇനത്തിലും മറ്റുമുള്ള കുടിശിക സർക്കാർ ഖാദി സ്‌ഥാപനങ്ങൾക്ക് നൽകിയില്ലെങ്കിൽ തൊഴിലാളികളുടെ തൊഴിൽ മുടങ്ങും. മാത്രവുമല്ല വിഷുവിന് ഖാദി തൊഴിലാളികൾ പട്ടിണി കിടക്കേണ്ടിയും വരും









































































