സസ്‌പെന്‍സ് അവസാനിച്ചു; തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി; 34 സീറ്റ് ആവശ്യം തള്ളി

അഭ്യൂഹങ്ങളും സസ്‌പെന്‍സും അവസാനിപ്പിച്ച് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ടിഎന്‍സിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈ എന്നിവര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയായത്.
ഡിഎംകെ, കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും സെല്‍വപെരുന്തഗൈയും ചൊവ്വാഴ്ച എം കെ സ്റ്റാലിനുമായി അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ എംപി കനിമൊഴിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. 34 സീറ്റായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയ്ക്ക് മുന്നില്‍ വെച്ചത്. രണ്ടാംഘട്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്.
നടന്‍ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ ഡിഎംകെ സമ്മതിച്ചിരുന്നു. ഡിഎംഡികെയ്ക്ക് ആദ്യമായാണ് രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള അവസരം ലഭിക്കുന്നത്. 2011ലെ ജയലളിത സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവില്‍ ഒരു നിയമസഭാംഗം പോലുമില്ല.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ 133 സീറ്റിലാണ് വിജയിച്ചത്. 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റിലും പിഎംകെ അഞ്ച് സീറ്റിലും വിസികെ നാല് സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് ഡിഎംകെ നയിക്കുന്ന മുന്നണി 159 സീറ്റോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എഐഎഡിഎംകെ നേടിയ 66 സീറ്റ് അടക്കം 75 സീറ്റുകള്‍ എന്‍ഡിഎ സഖ്യവും നേടി.









































































