പീരുമേട് നിലനിർത്താൻ സി.പി.ഐയിൽ ചർച്ചകൾ സജീവം

വാഴൂർ സോമന് പകരക്കാരനായി പീരുമേട്ടിൽ ആരെ അവതരിപ്പിക്കുമെന്ന ആലോചനകൾ സി.പി.ഐയിൽ സജീവമായി. ആദ്യ ഘട്ടത്തിൽ വാഴൂർ സോമന്റെ ഭാര്യ ബിന്ദു, മകൻ സോബിൻ എന്നിവരുടെ പേരുകളായിരുന്നു ഉയർന്നുകേട്ടത്. എന്നാൽ പിന്നീടുള്ള ചർച്ചകളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാറിന്റെ പേരാണ് ഉയർന്നുവന്നത്.യു.ഡി.എഫിൽ നിന്നും ആദ്യ ഘട്ടത്തിൽ റോയി കെ പൗലോസ്,നിഷ സോമൻ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നതെങ്കിലും ജയ സാധ്യതയുള്ളത് അഡ്വ.സിറിയക് തോമസിനാണ് എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ എൽ.ഡി.എഫിൽ നിന്നും ഏറെ മികച്ച സ്ഥാനാർഥി വേണമെന്ന ആവശ്യവും ശ്കതമായിട്ടുണ്ട്. ഇതോടെയാണ് മുൻ എം.എൽ.എ കൂടിയായ ഇ.എസ് ബിജിമോൾടെ പേരും ചർച്ചയിൽ ഇടം പിടിക്കുന്നത്. വാഴൂർ സോമൻ്റെ വിയോഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും ഉണ്ടായ കനത്ത തിരിച്ചടിയും അതിജീവിച്ചു മണ്ഡലം നിലനിർത്തുക എന്ന ദൗത്യം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്ന ബോധ്യം സിപിഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ വളരെ കരുതലോടെയായിരിക്കും ഇത്തവണ പാർട്ടി സ്‌ഥാനാർഥി നിർണയത്തിൽ തീരുമാനം കൈക്കൊള്ളുക.നിയമസഭാ സാമാജികനെന്ന നിലയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ജീവിതത്തിൽനിന്നു വിടവാങ്ങിയ വാഴൂർ സോമന് പകരം ആര് എന്ന ചർച്ചകൾ ആരംഭിക്കുമ്പോൾ സോമന്റെ കുടുംബത്തിന്റെ അഭിപ്രായം സിപിഐ തേടിയേക്കും. യുഡിഎഫിൽനിന്നു മണ്ഡലം തിരിച്ചുപിടിച്ചു തുടർച്ചയായി മൂന്നുതവണ നിലനിർത്തിയ ഇ.എസ്. ബിജിമോൾക്കു ഒരവസരം കൂടി ലഭിക്കുമോ എന്നതിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. പാർട്ടിയിൽ ഒരു വിഭാഗം മുൻ എംഎൽഎയെ പിന്തുണയ്ക്കും. ബിജിമോൾക്കു ഇളവ് നൽകി മത്സരിപ്പിക്കാൻ സംസ്‌ഥാന നേതൃത്വം തീരുമാനിക്കുമോ എന്നതും കണ്ടറിയണം.









































































