ശബരിമല യുവതി പ്രവേശനം; സർക്കാർ തീരുമാനിക്കും, കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല; എം വി ഗോവിന്ദൻ

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ തീരുമാനം എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എം വി ഗോവിന്ദൻ പ്രതികരിച്ചത്.
ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലയെന്നും പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാമെന്നുമായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ പറഞ്ഞു. അതാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ എന്ത് നിലപാട് എടുക്കും എന്ന് പറയാൻ കഴിയില്ലയെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. യുവതി പ്രവേശനത്തിൽ രാഷ്ട്രീയ പാർട്ടികൾ ആരും ഇടപെട്ടിട്ടില്ലായെന്നും എന്‍എസ്എസ് മാത്രമാണ് കക്ഷിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക. 2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.
തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹർജികളിൽ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും.









































































