MSF സംസ്ഥാന സമ്മേളന റാപ് സോങ്ങിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും; സംഘപരിവാറിന് വളരാൻ മണ്ണ് ഒരുക്കുക ലക്ഷ്യമെന്ന് എസ്എഫ്ഐ

എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും. വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. മതരാഷ്ട്ര വാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നോടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധം എന്നും സഞ്ജീവ് ചോദിക്കുന്നു.
ചർച്ചയായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൾപ്പെടെ ഡിലീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? എന്നും പി.എസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.
സംഘപരിവാറിന് വളരാൻ മണ്ണ് ഒരുക്കുക ലക്ഷ്യം. നവാസിന് പ്രതിബദ്ധത ജമാഅത് ഇസ്ലാമിയോട് എന്നും വിമർശനം. രണ്ട് ദിവസം മുൻപ് ഡോ. എം.കെ മുനീർ ആണ് സോങ് റിലീസ് ചെയ്തത്. സീതി സാഹിബ്, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് തങ്ങൾ-മാർ, മുഹമ്മദ് ഇസ്ലമയിൽ സാഹിബ്, ഇ. അഹമ്മദ് തുടങ്ങിയ ആളുകൾ ഒക്കെ ഇടം പിടിച്ച പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്. ഇത് എംഎസ്എഫ്ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ച ആയതോടെയാണ് പിൻവലിച്ചത്. 2.47 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് റിലീസ് ചെയ്‍തത്. അതിൽ 2.23 സെക്കന്റിൽ ആയിരുന്നു ഇമ്രാൻ ഖാൻ. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് കൂടിയാണ് ഇമ്രാൻ ഖാൻ.
പി.എസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചത്
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചിത്രം തങ്ങളുടെ പൂർവ്വകാല നേതാക്കളുടെ ചിത്രത്തോടൊപ്പം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്കണ്ടു. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളത്, എന്താണ് എം.എസ്.എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധത ?
നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? തങ്ങൾ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോൾ സംഘപരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികൾ ഉടൻ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയർത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവർ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാൽ എം എസ് എഫിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷവാദികൾ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാൽ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തത്.
എം.എസ്.എഫിലെ ചിലർ വിമർശനം ഉയർത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിൻവലിച്ചതായി കാണുന്നു എന്നാൽ നവാസിന്റെ ലക്ഷ്യം നിർവേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി,തികട്ടി വരും.













































































