പിന്നാക്ക സമൂഹം കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റത്തിന് വിധേയമാക്കണം: മന്ത്രി ഒ.ആർ കേളു

കുടയത്തൂർ അടൂർമല ഉന്നതി അംബേദ്‌കർ സെറ്റിൽമെന്റ് വികസന പദ്ധതികൾക്ക് തുടക്കം
പിന്നാക്ക സമൂഹം കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റത്തിന് വിധേയമാകണമെന്ന് പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ്
മന്ത്രി ഒ. ആർ കേളു. അടൂർമല ഉന്നതി അംബേദ്‌കർ സെറ്റിൽമെന്റ് വികസന പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പിന്നാക്ക സമൂഹത്തിനെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ട വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഒരുകോടി രൂപയുടെ വികസന പദ്ധതികളാണ് വിവിധ ഉന്നതികളിലായി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ രൂക്ഷമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. അവ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമ്മുടെ സമൂഹം ഉയർന്നു വരികയുള്ളൂ. ഇടുക്കി ജില്ലയിൽ പട്ടിക ജാതി പട്ടിക വർഗ സമൂഹത്തിൽനിന്ന് 1104 വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചു. കൂടാതെ 215 വിദ്യാർഥികൾ ഏവിയേഷൻ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു.
നമ്മുടെ സമൂഹം സ്വയം മാറ്റത്തിന് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു.
അടൂർമല ഉന്നതിയിലെ സി.എം.എസ് എൽ.പി. സ്‌കൂളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട് വിശിഷ്ട അതിഥിയായിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രം അസിസ്റ്റൻ്റ് പ്രൊജക്ട് എഞ്ചിനീയർ സന്തോഷ് കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്‌പ വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ്,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ഓടയ്ക്കൽ,കുടയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം അജി മോഹനൻ,സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം കെ. എ. ബാബു, പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അംഗം അഡ്വ.സേതു നാരായണൻ, അടൂർമല ഉന്നതി ഊരുമൂപ്പൻ പി.വി. നൈനാൻ,അടൂർമല സെന്റ് പോൾസ് സി.എസ്.ഐ. ചർച്ച്
വികാരി ജോർജ് പി. ചന്ദ്രൻ,കുടയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിമി കെ. ജോർജ്,
ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ഇൻ-ചാർജ് മനോജ് കെ.ജി. തുടങ്ങിയവർ പങ്കെടുത്തു.













































































