ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതി: കേന്ദ്ര ഓഫീസര്‍ അഴുത ബ്ലോക്ക് സന്ദര്‍ശിച്ചു

നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെന്‍ട്രല്‍ പ്രഭാരി ഓഫീസര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അഴുത ബ്ലോക്കില്‍ സന്ദര്‍ശനം നടത്തി. കുമളി ഫാമിലി ഹെല്‍ത്ത് സെന്റര്‍, പളിയക്കുടി അങ്കണവാടി, കുമളി ട്രൈബല്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെത്തി പ്രഭാരി ഓഫീസര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അഴുത, ദേവികുളം ബ്ലോക്കുകളാണ് ജില്ലയില്‍ നിന്നും ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടവും, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും വിവിധ വകുപ്പുകളും പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. സുസ്ഥിര വികസനത്തിനായുള്ള പദ്ധതികള്‍ ജില്ലയുടെ ചുമതലയുള്ള ഓഫീസറായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നേരിട്ട് വിലയിരുത്തി. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പിന്റെ ഡയറക്ടറാണ് മുതിര്‍ന്ന ഐ. എ. എസ് ഉദ്യോഗസ്ഥയായ ഭണ്ഡാരി സ്വാഗത് സിംഗ് രണ്‍വീര്‍ചന്ദ്.
2023 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം. ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളര്‍ച്ച ആണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്.













































































