ഇടുക്കി രൂപത ദൈവശാസ്ത്ര സിമ്പോസിയം നടത്തി

നിഖ്യാ സൂനഹദോസിന്റെ 1700 വാർഷികത്തോടനുബന്ധിച്ച് ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ ദൈവശാസ്ത്ര സിമ്പോസിയം സംഘടിപ്പിച്ചു. ‘വിശ്വാസവും കൂട്ടായ്മയും: നിഖ്യാ കൗൺസിൽ മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിമ്പോസിയം നടന്നത്. ഇടുക്കി രൂപത സോഷ്യോ എഡ്യൂക്കേഷൻ സെന്ററിൽ നടന്ന സിമ്പോസിയം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
സഭയുടെ രണ്ടായിരം വർഷത്തെ യാത്രയിൽ ചില നാഴികക്കല്ലുകൾ വിശ്വാസത്തിന്റെ ദിശയെയും ക്രൈസ്തവരുടെ കൂട്ടായ്മയെയും ഗൗരവമായി സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ് നിഖ്യാ കൗൺസിൽ; മറ്റൊന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ. രണ്ടും തമ്മിൽ നൂറ്റാണ്ടുകൾ അകലെയാണെങ്കിലും, ഇരുവരുടെയും ഹൃദയത്തിൽ ഒരേ ആത്മീയ താളമാണ്—വിശ്വാസത്തെ സംരക്ഷിക്കുകയും കൂട്ടായ്മയെ പുതുക്കുകയും ചെയ്യുക എന്നതാണ്.
സഭയുടെ പുരാതനവും പുതുതുമായ കൗൺസിലുകൾ നമ്മെ ഓർമിപ്പിക്കുന്നത് ഒരു കാര്യംമാത്രമാണ്;
സത്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ മാത്രമേ സ്നേഹത്തിൽ വളരാൻ കഴിയൂ;
സ്നേഹത്തിൽ വളരുമ്പോഴേ കൂട്ടായ്മ പുഷ്പിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
റവ.ഡോ. അരുൺ കലമറ്റത്തിൽ, റവ.ഡോ. ജേസ് കുളത്തൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ.ഡോ.ജോസ് മാറാട്ടിൽ, റവ. സി. കൊച്ചുറാണി എസ്.എച്ച്, റവ.ഡോ.ജോസഫ് കൊച്ചുകുന്നേൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതു ചർച്ചയിൽ റവ.ഡോ.ജോർജ് തകിടിയേൽ മോഡറേറ്ററായിരുന്നു. മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ സമാപന സന്ദേശം നൽകി. വൈദികരും സമർപ്പിതരും അൽമായരുമടക്കം ഇരുന്നൂറിലധികം പേർ സിമ്പോസിയത്തിൽ പങ്കെടുത്തു. മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ റവ ഡോ.മാർട്ടിൻ പൊൻപനാൽ എന്നിവർ സംസാരിച്ചു.









































































