89-ാമത് ശ്രീ ചിത്തിര കേരളാ സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂര്‍ണ്ണമെന്റ് ഇന്ന് സമാപിക്കും

89-ാമത് ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 18 മുതല്‍ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ വച്ച് നടന്നു. അണ്ടര്‍ -12,14,16,18, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങളിലും അതോടൊപ്പം പുരുഷ – വനിതാ മത്സരങ്ങളിലുമായി ആകെ 224 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
പുരുഷ സിംഗിള്‍സില്‍ അരുണ്‍ രാജ് ജെ എസ് എഫിനോവ ഉമ്മനെ പരാജയപ്പെടുത്തി സ്റ്റേറ്റ് ചാമ്പ്യനായി. അരുണ്‍ രാജ് മുന്‍ സ്റ്റേറ്റ് ചാമ്പ്യനും ദേശീയ ഗെയിംസ് വെങ്കല മെഡല്‍ ജേതാവുമാണ്. 18 വയസ്സിന് താഴെയുള്ള ബോയ്‌സ് സിംഗിള്‍സില്‍ എഫിനോവ ഉമ്മന്‍ ശ്രീനാഥ് വി എസിനെതിരെ വിജയം നേടി.
വനിതകളുടെ സിംഗിള്‍സ് മത്സരത്തില്‍ ശ്രീലക്ഷ്മി എ.ആര്‍ ശ്രീജന താപ്പയ്‌ക്കെതിരെ വിജയം നേടി.18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ ശ്രീലക്ഷ്മി എ.ആര്‍, നേഹ മരിയ മാത്യുവിനെതിരെ വിജയം നേടി.ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പുരുഷ ഡബിള്‍സ് മത്സരങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണി മുതല്‍ ആരംഭിക്കും. അരുണ്‍ രാജ് – ശബരിനാഥ് സഖ്യം കൃഷ്ണകുമാര്‍ – സഞ്ജയ് ജി.എസ് സഖ്യത്തെ നേരിടും.
സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ഇന്ന് വൈകുന്നേരം 5.30-ന് നടത്തപ്പെടും. കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മിന്‍ഹാജ് ആലം ഐഎഎസ് മുഖ്യ അതിഥിയാകും.ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും മന്ന ചാരിറ്റബിള്‍ ട്രസ്റ്റും കൂടി സംയുക്തമായി കൈമാറിയ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയുടെ അനാച്ഛാദനം കഴിഞ്ഞ ആഴ്ച്ച കോട്ടയം പ്രസ് ക്ലബില്‍ ബഹു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആണ് നിര്‍വ്വഹിച്ചത്.













































































