പിണറായി സർക്കാർ ഇപ്പോൾ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് പി സുധീർ

മുഗളന്മാർക്ക് സമാനമായ ക്ഷേത്ര കൊള്ളക്കാരാണ് പിണറായി സർക്കാർ . പി സുധീർ മുഗളന്മാരും ബ്രിട്ടീഷുകാരും ക്ഷേത്രങ്ങൾ കൊള്ളയടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ച തീവ്രവാദികളും അക്രമകാരികളുമായിരുന്ന മുഹമ്മദ് ഗോറിയും മുഹമ്മദ് ഗസ്നിയും അടക്കമുള്ള നിരവധി വിദേശ ശക്തികൾ ഇന്ത്യയിലെ ക്ഷേത്രങ്ങൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.
അതിനു സമാനമായ രീതിയിലാണ് പിണറായി സർക്കാർ ഇപ്പോൾ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് പി സുധീർ പറഞ്ഞു. ദേവസ്വം ബോർഡ് പിരിച്ചുവിടുക ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ശബരിമലയെ തകർക്കാൻ വലിയ പരിശ്രമം നടത്തി. വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ട് അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിൽ കയറ്റി നക്സലൈറ്റുകളുടെ കേന്ദ്രമാക്കി ശബരിമലയെ മാറ്റാൻ ശ്രമിച്ചു.
ഇപ്പോൾ ശബരിമലയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണപ്പാളികൾ ചെമ്പുപാളികൾ ആക്കി മാറ്റിയിരിക്കുകയാണ്.
ഇത് ആസൂത്രിതമായ കൊള്ളയാണ്.
ദേവസ്വം ബോർഡും സർക്കാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ട് നടക്കുന്ന ഈ തീവെട്ടി കൊള്ളയിൽ മുഖ്യമന്ത്രിയുടെ ബിനാമിയാണ് ദല്ലാളായ ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് ആരോപിച്ച അദ്ദേഹം കേസ് സംസ്ഥാനസർക്കാർ സിബിഐക്ക് വിടാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡൻ്റ് പി പി സാനു സൗത്ത് ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് തുടങ്ങിയവരും സംസാരിച്ചു.
















































































































