പാലായിൽ 2 യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; കാർ ഡ്രൈവർ പിടിയിൽ

പാലായിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ വാഹനം ഓടിച്ചയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചെറുവിള വീട്ടിൽ ചന്ദൂസിനെ (24) യാണ് അറസ്റ്റ് ചെയ്തത്.
യുവാവിനെതിരേ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പതരയോടെ പാല മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.
അമിതവേഗത്തിൽ വന്ന കാർ ഇരു സ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പിന്നാലെ അടുത്തുള്ള മതിലിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ ജോമോളുടെ മകൾ അന്നമോൾക്ക് (12) ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പാലായിലെ സ്വകാര്യ ബിഎഡ് കോളേജിലെ നാല് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്
















































































































