ലിഫ്റ്റിന്റെ കേബിൾ പൊട്ടി വീണ് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

ലിഫ്റ്റിന്റെ കേബിൾ പൊട്ടിവീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻ വീട്ടിൽ എ.ബിജുവാണ് (42) മരിച്ചത്.
എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഒന്നാം നിലയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
പ്രിന്റിങ് സാധനങ്ങൾ ബിജു ലിഫ്റ്റ് വഴി ഒന്നാം നിലയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. സാധനങ്ങൾ ഇറക്കി വയ്ക്കുന്ന സമയത്ത് ഒരു പായ്ക്കറ്റ് ബിജുവിന്റെ കയ്യിൽ നിന്നു ലിഫ്റ്റിനുള്ളിൽ വീണു.
ലിഫ്റ്റിനു പുറത്തു നിന്ന് ഉള്ളിലേക്കു തലയിട്ട് ഇതു കുനിഞ്ഞെടുക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് താഴേക്കു വീഴുകയായിരുന്നു. ഇതോടെ ലിഫ്റ്റിന്റെ മുകൾഭാഗം ബിജുവിന്റെ കഴുത്തില്‍ വന്നിടിച്ചു.
ഈ സമയം തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തുമായി കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സെൻട്രൽ പൊലീസും ഉടൻ സ്ഥലത്തെത്തി ലിഫ്റ്റിന്റെ മുകൾ ഭാഗം ഉയർത്തി ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.













































































