കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ സ്വർണ വ്യാപാരി മരിച്ച സംഭവം: കെഎസ്ഇബി സംഘം ശാസ്ത്രീയ പരിശോധന നടത്തി

കട്ടപ്പനയിൽ തകരാറിലായ ലിഫ്റ്റ് ഉയർന്നുപൊങ്ങി മുകളിലത്തെ നിലയിൽ ഇടിച്ച് സ്വർണ വ്യാപാരി മരിച്ച സംഭവത്തിൽ കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഘം ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ വി ആർ സജിത് കുമാറും സംഘവും ലിഫ്റ്റും അനുബന്ധ ഉപകരണങ്ങളും അഴിച്ചുപരിശോധിച്ചു. പൊലീസും ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയുടെ ജീവനക്കാരും പങ്കെടുത്തു. തകറിലായ ലിഫ്റ്റിനുള്ളിൽനിന്ന് സണ്ണി ഫ്രാൻസിസിനെ പുറത്തിറക്കാനായി മാനുവൽ ആയി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പരിചയക്കുറവാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, ലിഫ്റ്റ് ക്യാബിനിലെ ഭാരം തുലനംചെയ്‌ത് കൂട്ടിയിടി, അപകടം എന്നിവ ഒഴിവാക്കുന്ന കൗണ്ടർ വെയ്റ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും മുകളിലേക്ക് ഉയർന്ന് ഇടിക്കാൻ കാരണമായി. മെയ് 28നുണ്ടായ അപകടത്തിൽ കട്ടപ്പന പവിത്ര ഗോൾഡിൻ്റെ മാനേജിങ് പാർട്‌ണർ അമ്പലക്കവല വി ടി പടി പുളിക്കൽ സണ്ണി ഫ്രാൻസിസ്(പവിത്ര സണ്ണി 65) മരിച്ചിരുന്നു. മുകളിലത്തെ നിലയിൽനിന്ന് താഴേയ്ക്ക് വരുന്നതിനിടെ ലിഫ്റ്റ് തകരാറിലായി ഇദ്ദേഹം ഉള്ളിൽ കുടുങ്ങി. ടെക്‌നിഷ്യനെ വിവരമറിയിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ജീവനക്കാർ വൈദ്യുതി വിച്ഛേദിച്ചശേഷം കൺട്രോൾ പാനലിൽ കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലിഫ്റ്റ് അനിയന്ത്രിതമായി ഉയർന്നുപൊങ്ങി മുകളിലത്തെ നിലയിൽ ഇടിക്കുകയായിരുന്നു. ഇവിടെനിന്ന് മൂന്നാംനിലയിലെത്തിയ ക്യാബിനിൽനിന്ന് അഗ്നിരക്ഷാസേന കട്ടർ ഉപയോഗിച്ച് വാതിൽ മുറിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. തലയ്ക്കും സുഷുമ്ന നാഡിക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.









































































