മഴക്കാലം ശക്തമായതോടെ നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ തകർന്ന് നഗരവാസികളുടെ യാത്ര നരകതുല്യം
തൊടുപുഴ∙ മഴക്കാലം ശക്തമായതോടെ നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ തകർന്ന് നഗരവാസികളുടെ യാത്ര നരകതുല്യമായിട്ടും ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും ഇതൊന്നും കണ്ട മട്ടില്ല. നഗരത്തിലെ പ്രധാന വീഥികളിൽ പോലും ഇപ്പോൾ വാഹനയാത്ര അതീവ ദുഷ്കരമാണ്. മിക്ക റോഡുകളിലും അപകടക്കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. ഒരു കുഴിയിൽനിന്ന് അടുത്ത കുഴിയിലേക്ക് ചാടിയുള്ള യാത്ര തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടെ പൊതുമരാമത്ത് അധികൃതർ ഇടയ്ക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതത്തിനു കുറവില്ല.
ഇപ്പോൾ നഗരത്തിൽ ഏറ്റവും വലിയ യാത്ര ദുരിതം അനുഭവിക്കുന്നത് തൊടുപുഴ മൂപ്പിൽക്കടവ്– കാഞ്ഞിരമറ്റം– മങ്ങാട്ടുകവല ബൈപാസിലാണ്. ഈ റോഡ് കഴിഞ്ഞ വേനൽ കാലത്ത് മുതൽ പല ഭാഗവും കുണ്ടും കുഴിയുമായി മാറിയതാണ്. എന്നാൽ ഇത് നന്നാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം കാഞ്ഞിരമറ്റം ബൈപാസ് ജംക്‌ഷനിൽ അപകടക്കുഴി യാത്രക്കാരെ ദുരിതത്തിലാക്കുന്നത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയതിനെ തുടർന്ന് കുറച്ചു മെറ്റലും മണലും ചേർന്ന മിശ്രിതം ഇട്ടു. ഇത്തരത്തിൽ ഇട്ട വലിയ മെറ്റലുകൾ ഇപ്പോൾ വാഹനങ്ങൾ ഓടുമ്പോൾ റോഡിൽ നിരന്നു കിടക്കുന്നത് ഇരു ചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയായി.
മൂപ്പിൽക്കടവ് കാഞ്ഞിരമറ്റം ബൈപാസ് ജംക്‌ഷനിലും മങ്ങാട്ടുകവല ബൈപാസിൽ പെട്രോൾ പമ്പിനു സമീപവും വിമല സ്കൂളിനു സമീപവും ഇപ്പോൾ കുഴികളുടെ ഘോഷയാത്രയാണ്. ഇതുവഴി ചെറു വാഹനങ്ങളിലും ഇരു ചക്ര വാഹനങ്ങളിലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഓരോ ദിവസം ചെല്ലുന്തോറും കുഴികൾ വലിയ കുഴികളായി മാറുകയാണ്. ചെറു വാഹനങ്ങൾ കുഴികളിൽ ചാടി കേടുപാടുകൾ ഉണ്ടാകുന്നതിനു പുറമേ ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. ആയിരക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ യാത്രക്കാരുടെ ജീവൻ പന്താടുന്ന അപകടക്കുഴികൾ എത്രയും വേഗം നന്നാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.