കാട്ടാനയുടെ ജഡം കണ്ടെത്തി; വൈദ്യുതാഘാതമേറ്റെന്നു നിഗമനം; സമീപത്ത് നിലയുറപ്പിച്ച് കുട്ടിയാനകളും പിടിയാനകളും
രാജകുമാരി∙ചിന്നക്കനാൽ 301 കോളനിക്കു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. 45 വയസ്സുള്ള പിടിയാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. 2 വയസ്സുള്ള കുട്ടിയാനയുടെ അമ്മയാണ് ഇതെന്നു നാട്ടുകാർ പറഞ്ഞു. ചരിഞ്ഞ പിടിയാനയുടെ കൂട്ടത്തിലുണ്ടായിരുന്ന 3 കുട്ടിയാനകളും 3 മുതിർന്ന പിടിയാനകളും ഉൾപ്പെടുന്ന സംഘം സമീപത്തു തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നതു തടയാൻ മേഖലയിൽ സോളർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെയുള്ള വൈദ്യുത ലൈനിൽ നിന്നു കേബിൾ വഴി സോളർ ഫെൻസിങ്ങിലേക്ക് വൈദ്യുതി കടത്തിവിട്ടതാണ് കാട്ടാനയ്ക്കു വൈദ്യുതാഘാതമേൽക്കാൻ കാരണമെന്നാണു സൂചന. ആനയുടെ ജഡത്തിനു സമീപത്തു നിന്നു കണ്ടെത്തിയ കേബിളിന്റെയും കമ്പിയുടെയും ബാക്കി ഭാഗം അടുത്തു തന്നെയുള്ള പാൽക്കുളംകുടിയിൽ സുരേഷിന്റെ വീട്ടിൽ നിന്നു വനം ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.
വനംവകുപ്പ് വെറ്ററിനറി സർജൻന്റെ നേതൃത്വത്തിൽ ആനയുടെ ജഡം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മൂന്നാർ ഡിഎഫ്ഒ ബി.സജീഷ്കുമാർ, ദേവികുളം റേഞ്ച് ഓഫിസർ അരുൺ മഹാരാജൻ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. 2017നുശേഷം ഇതുവരെ 3 കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതാഘാതമേറ്റു ചരിഞ്ഞത്.