അപകട ഭീഷണി ഉയർത്തി ഈ തൂക്കുപാലം; ഏതു സമയത്തും ഒടിഞ്ഞു വീഴാന്‍ സാധ്യത
മൂലമറ്റം ∙ ത്രിവേണീസംഗമത്തിലെ തൂക്കുപാലം അപകടത്തിലായ 2 വർഷം പിന്നിട്ടെങ്കിലും നന്നാക്കാൻ നടപടിയായിട്ടില്ല. മൂലമറ്റം എകെജി കോളനിക്ക് സമീപം നച്ചാർ, വലിയയാർ വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറം തള്ളുന്ന വെള്ളവും കൂടി ചേരുന്ന ത്രിവേണീസംഗമത്തിലെ തൂക്കു പാലമാണ് അപകടാവസ്ഥയിലായത്. പാലത്തിന്റെ ഒരു തൂൺ തുരുമ്പെടുത്ത് വിട്ടു നിൽക്കുകയാണ്. ഏതു സമയത്തും ഒടിഞ്ഞു വീഴാനും പാലം അപകടത്തിൽ പെടാനും സാധ്യതയുണ്ട്.
മുൻപ് റോപ് തുരുമ്പെടുത്ത് നശിച്ചപ്പോൾ റോഷി അഗസ്റ്റിന്റെ എംഎൽഎ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് റോപ് മാറ്റിയിട്ടിരുന്നു.പിന്നീട് പാലത്തിന്റെ ഇരുവശത്തും അടിയിലും അറക്കുളം പഞ്ചായത്ത് കമ്പി വല സ്ഥാപിച്ചു. ഈ കമ്പി വല തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. മണപ്പാടി, മൂന്നുങ്കവയൽ, പുത്തേട് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾ അടക്കം നൂറ് കണക്കിനാളുകൾ മറുകരയിലേക്കു എത്തുന്നത് ഈ പാലം വഴിയാണ്. ഇവിടെ പുതിയ പാലം പണിയാൻ പണം അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപടി ക്രമങ്ങൾ ഒന്നും തന്നെ ആയിട്ടില്ല.
മൂലമറ്റം ഗവ.സ്കൂൾ, എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂൾ, സെന്റ് ജോർജ് യു പി സ്കൂൾ ആരാധനാലയങ്ങൾ, സർക്കാർ ഓഫിസുകൾ, തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന ഈ പാലം തുരുമ്പിച്ചു പോകാതെ സമയാസമയങ്ങളിൽ പെയിന്റടിച്ച് അറ്റകുറ്റപ്പണികൾ നടത്തിയാൽ അപകടഭീതിയില്ലാതെ യാത്ര ചെയ്യാനാകും. അപകടാവസ്ഥയിലായ തൂക്കുപാലത്തിന്റെ തൂണുകളുടെ തകരാറുകൾ എത്രയും വേഗം പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
source:manorama news