മാലിന്യമുക്തം നവകേരളം കാമ്പയ്ന്‍: കര്‍മ്മ പദ്ധതി വിശദീകരണ യോഗം ചേര്‍ന്നു

മാലിന്യമുക്തം നവകേരളം കാമ്പയ്‌നിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കര്‍മ്മ പദ്ധതി വിശദീകരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
ഒക്ടോബര്‍ 2 മുതല്‍ 2024 ജനുവരി 26 വരെയാണ് മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ വിശദീകരിച്ച് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദ്ധതി നടപ്പാക്കാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ നിര്‍ദേശം നല്‍കി.
ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ എല്ലാ പൊതു ഇടങ്ങളും നിരത്തുകളും ഓടകളും ശുചീകരിച്ച് മാലിന്യങ്ങള്‍ തരം തിരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കും. എല്ലാ വിദ്യാഭ്യാസ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മാലിന്യ സംസ്‌കരണം ഉറപ്പാക്കും. ജൈവ അല്ലെങ്കില്‍ ദ്രവ മാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തയിടത്തും സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം നല്‍കി. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് ഹരിത കര്‍മ്മ സേനക്ക് കൈമാറണം. വ്യാപാര- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം ഉറപ്പാക്കും. ഇതിനായി മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രാദേശിക ഹരിത മേല്‍നോട്ട സമിതികള്‍ രൂപികരിക്കും. മാലിന്യ മുക്ത കാമ്പയ്ന്റെ ഭാഗമായി വാര്‍ഡ് തലം മുതല്‍ ജില്ലാതലം വരെ പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ഹരിത ഗ്രാമസഭകളും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹരിതസഭകളും സംഘടിപ്പിക്കും.
യോഗത്തില്‍ കട്ടപ്പന നഗരസഭ ചെയര്‍ പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം എം ലതീഷ്, കില ഫെസിലിറ്റേറ്റര്‍ മധു പി.വി, തദ്ദേശസ്വയംഭരണവകുപ്പ് അസി ഡയറക്ടര്‍ ശ്രീലേഖ സി, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.































































































































