ഗ്രേ ലാംഗൂര്‍ ഇനത്തില്‍പെട്ട കുരങ്ങ് നെടുങ്കണ്ടത്ത്
നെടുങ്കണ്ടം: ലോഡ്ജില്‍ വിരുന്നുകാരനായി അപൂര്‍വയിനം കുരങ്ങെത്തി. കേരളത്തില്‍ ചിന്നാര്‍ വനമേഖലയില്‍ മാത്രം കാണപ്പെടുന്ന ഗ്രേ ലാംഗൂര്‍ ഇനത്തില്‍പെട്ട കുരങ്ങാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലോഡ്ജിലെത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഗ്രേലാംഗൂര്‍ ഉള്ളത്. മുഖവും ചെവിയും കറുപ്പുനിറമാണെങ്കിലും രോമം ചാരനിറത്തിലാണ്. നീളമുള്ള വാലും ഇതിന്റെ പ്രത്യേകതയാണ്. സാധാരണയായി മനുഷ്യരോട് ഇണങ്ങാത്ത ഇനമാണെങ്കിലും ലോഡ്ജിലെത്തിയ കുരങ്ങന്‍ ഉടമ നല്‍കിയ പഴവും ദോശയടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും കഴിച്ചു. സാധാരണയായി ഇലകളാണ് ഇവയുടെ പ്രധാന ഭക്ഷണം. രാമക്കല്‍മേടിന് താഴെയായുള്ള തമിഴ്‌നാട് വനമേഖലയില്‍ ഗ്രേലാംഗൂര്‍ ഇനത്തില്‍പെട്ട കുരങ്ങുകളുണ്ട്. ഇവിടെനിന്നും കൂട്ടംതെറ്റി എത്തിയതാകാം ഈ ആണ്‍കുരങ്ങെന്ന് കരുതുന്നു. വെള്ളിയാഴ്ച വൈകുന്നേരം ടെറസിലെത്തിയ കുരങ്ങ് പിന്നീട് തൊട്ടടുത്തുള്ള ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലേക്ക് കയറി നിലയുറപ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കുരങ്ങനെ പിടികൂടാനായില്ല.