ലൈഫ് മിഷൻ വിവാദം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ റിപ്പോർട്ടുമായി അനിൽ അക്കര
തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അനിൽ അക്കര ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിന് വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണെന്നും അനിൽ അക്കര ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ റിപ്പോർട്ട് അനിൽ അക്കര വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് മുൻ മന്ത്രി എ.സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് എഴുതിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. കോൺസുൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നും മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്നും അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ചട്ടങ്ങൾ ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.