പ്രധാന വാര്‍ത്തകള്‍
സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം. സിസ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് സിസയെ മാറ്റിയത്. പകരം നിയമനം നൽകിയില്ലായിരുന്നു. കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ് രാജശ്രീയെയാണ് സിസ തോമസിന് പകരമായി നിയമിച്ചത്.
ടെക്നിക്കൽ ഡിപ്പാർട്ട്മെന്റിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കുമ്പോഴാണ് സിസ തോമസിനെ കെടിയു വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസയ്ക്ക് തടസ്സമില്ലെങ്കിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്.