കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; സാവകാശം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കട്ടപ്പന: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ജീവനക്കാരും നിര്‍ബന്ധമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നഅധികൃതരുടെ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കി സാവകാശം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ഇരുപതിനായിരത്തോളം വരുന്ന ചെറുകിട വ്യാപാര മേഖലയില്‍ ഒരുലക്ഷത്തില്‍ പരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇത്രയധികം ആള്‍ക്കാരെ ഒന്നിച്ച്
ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള
സംവിധാനം നമ്മുടെ ജില്ലയില്‍ ലഭ്യമല്ല. കൂടുതല്‍ ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത, ടെസ്റ്റ് നടത്തിക്കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം, ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുമാത്രമെ ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിക്കാന്‍ പാടുള്ളു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍, കൈ കഴുകുന്നതിനുള്ള സംവിധാനം, സന്ദര്‍ശക രജിസ്റ്റര്‍ തുടങ്ങിയ എല്ലാവിധ കോവിഡ് മുന്‍കരുതലുകളും പാലിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കോവിഡ് വ്യാപിച്ചാല്‍ ഏറ്റവും പ്രതികൂലമായി ബാധിക്കപ്പെടുന്ന വിഭാഗമാണ് തങ്ങളെന്നും മറ്റാരും സഹായത്തിനില്ലെന്നും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഈ വിഷയത്തില്‍ നല്ല ബോധ്യമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പല സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുടെ മറ പിടിച്ച് പോലീസ് വ്യാപാരികള്‍ക്കെതിരെ അന്യായമായി കേസുകള്‍ എടുത്ത് പീഡിപ്പിക്കുകയാണ്. ഏഴരയ്ക്ക് കടയടക്കണമെന്ന നിബന്ധനയുടെ പേരില്‍ 7.25ന് കടയില്‍ വരികയും കടയടച്ചില്ല എന്ന പേരില്‍ കേസെടുക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അടിമാലി ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ രാത്രി പത്തിന് 144 പ്രഖ്യാപിക്കുകയും ഇതറിയാതെ രാവിലെ ഏഴിന് കടകള്‍ തുറക്കാനെത്തിയ നിരവധി വ്യാപാരികള്‍ക്കെതിരെ കേസുകള്‍ എടുക്കുകയും ചെയ്തു. കോവിഡിന്റെ മറവില്‍ ഇത്തരം വ്യാപാരി പീഡനങ്ങളില്‍ നിന്നും സര്‍ക്കാരും പോലീസും പിന്‍ ന്തിരിയണമെന്നും വ്യാപാരികള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ഹസന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.എം.കെ.തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.