ഏലത്തിന്റെ വിലസ്ഥിരത; കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കിസാന്‍ സംഘ്
കട്ടപ്പന: ഏലത്തിന്റെ വിലസ്ഥിരത ഉറപ്പാക്കണമെന്നും ഏലത്തിന്റെ വിപണിയിലെ ബാഹ്യ ഇടപെടലുകളെപ്പറ്റി കേന്ദ്ര വാണിജ്യ മന്ത്രാലയം വിശദമായി പഠിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവാണിജ്യമന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭാരതീയ കിസാന്‍ സംഘ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് ടി.ആര്.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജി. രാജന്, സംസ്ഥാന സെക്രട്ടറി വി.പി. രാജേന്ദ്രന്, കാര്‍ഡമം ഗ്രോവേഴ്സ് സംഘ് പ്രസിഡന്റ് അഡ്വ.ജെയ്സ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. സ്പൈസസ് ബോര്‍ഡിന്റെയോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയോ അനുമതിയോ നിയന്ത്രണമോ ഇല്ലാതെ നടത്തപ്പെടുന്ന ലേല കേന്ദ്രങ്ങള്‍ കര്‍ഷകരുടെ ഇടയില്‍ വളരെ ആശങ്ക ഉയര്‍ത്തുന്നു. ഇത്തരം ലേല കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണം. ഏലയ്ക്ക ലേലവുമായി ബന്ധപ്പെട്ട് സ്പൈസസ് ബോര്‍ഡ് രേഖാമൂലം കേരള ഹൈക്കോടതിയില്‍ നല്കിയ ഉറപ്പുകള്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി നടപ്പാക്കാതെ ഉരുണ്ടുകളിക്കുകയാണ്. ഇതിനായി കോടതിയലക്ഷ്യ നടപടികള്‍ ബോര്‍ഡിനെതിരെ സ്വീകരിക്കുന്നതിലേക്കായി സംഘടന ഹൈക്കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഏലക്കാ ലേലം സുതാര്യമാക്കുവാന് ജി.എസ്ടി കൗണ്‍സിലിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു