കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആന്റിജന്‍ ടെസ്റ്റിനെത്തുന്നവര്‍ വലയുന്നു
കട്ടപ്പന: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം തോന്നുംപടി. ആന്റിജന്‍ ടെസ്റ്റിനെത്തുന്നവര്‍ ജീവനക്കാരെത്താന്‍ വൈകുന്നതോടെ കാത്തുനിന്ന് വലയുകയാണ്. ഇന്നലെ രാവിലെ മുതല്‍ തന്നെ ആന്റിജന്‍ ടെസ്റ്റിനായി വന്നവരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ ജീവനക്കാരാരും എത്തിയിരുന്നില്ല. പ്രായമായവരടക്കം വെയിലത്ത് നിന്ന് വലയുകയായിരുന്നു. 10.45 ഓടെയാണ് ഒരു ജീവനക്കാരി എത്തിയത്. മിക്ക ദിവസവും ആന്റിജന്‍ ടെസ്റ്റിനെത്തുന്നവര്‍ കാത്തുനിന്ന് മടങ്ങുകയാണ്. കഴിഞ്ഞ ദിവസം ഒരാള്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം തോന്നുംപടിയാണെന്നും നാഥനില്ലാകളരിയായി മാറിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ജീവനക്കാരും നിര്‍ബന്ധമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും താലൂക്ക് ആശുപത്രിയില്‍ ഇതിനാവശ്യമായ ഒരു തയാറെടുപ്പുകളും ക്രമീകരിച്ചിട്ടില്ല. ആശുപത്രി ജീവനക്കാര്‍ തോന്നുംപടി വരുകയും പോവുകയും ചെയ്യുന്നതിനെതിരെയും ആക്ഷേപം രൂക്ഷമായിരിക്കുകയാണ്.