കട്ടപ്പന ഗവ. കോളേജ്: ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റര്‍
കട്ടപ്പന നഗരസഭയില്‍ കോവിഡ്-19 രോഗ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ബീനാ ജോബി അറിയിച്ചു. കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കണമെന്നും 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം കട്ടപ്പന ഗവ. കോളേജ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററായി തിരഞ്ഞെടുക്കുകയും ട്രീറ്റ്മെന്റ് സെന്ററിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഗവ. കോളേജില്‍ നടത്തിവരികയാണ്. 100 രോഗികളെ കിടത്തി ചികത്സിക്കുന്നതിനുളള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ട്രീറ്റ്മെന്റ് സെന്ററില്‍ ഷീല്‍ഡ് ടാക്സി, ആംബുലന്‍സ് സൗകര്യങ്ങളും ലഭ്യമാക്കും. കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.