പ്രധാന വാര്‍ത്തകള്‍
ഇസ്രായേൽ യാത്ര; മന്ത്രി പി പ്രസാദിനെ ഒഴിവാക്കി മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്

തിരുവനന്തപുരം: മന്ത്രി പി പ്രസാദിനെ ഒഴിവാക്കി ഇസ്രായേൽ യാത്രക്ക് മുഖ്യമന്ത്രിയോട് അനുമതി തേടി കൃഷി വകുപ്പ്. പാർട്ടിയെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറെടുത്ത മന്ത്രി പി പ്രസാദിനെ സി പി ഐ സംസ്ഥാന നേതൃത്വം തഴഞ്ഞതിനു പിന്നാലെയാണ് കർഷകരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെയെന്ന് വകുപ്പ് നിർദ്ദേശിച്ചത്.
തിരഞ്ഞെടുത്ത 20 കർഷകരിൽ പലരും ഇതിനകം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർക്കാർ യാത്ര പൂർണമായും റദ്ദാക്കിയാൽ കർഷകരുടെ പണം നഷ്ടമാകും. ഇതോടെ കർഷകരും ഉദ്യോഗസ്ഥരും മാത്രം പോയാൽ മതിയെന്ന നിർദ്ദേശം മുഖ്യമന്ത്രിക്ക് മുന്നിൽ വയ്ക്കുകയായിരുന്നു. കർഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് സി.പി.ഐ സംസ്ഥാന നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുഖ്യമന്ത്രിയും അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.









































































