മാസം തോറും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ഇ.ബി യോഗം ചേരും
തിരുവനന്തപുരം: മാസം തോറും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ഇ.ബി യോഗം ചേരും.വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിലാണ് നാളെ ഉന്നതതല യോഗം ചേരുക. വൈദ്യുത വിതരണ കമ്ബനികള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ധന സര്‍ച്ചാര്‍ജായി വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര വൈദ്യുതി ഭേദഗതി. ഇന്ധന സര്‍ച്ചാര്‍ജ് ഇപ്പോള്‍ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മീഷന് തീരുമാനം എടുത്തിട്ടില്ല. വൈദ്യുതി ഭേദഗതിയിലൂടെ കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ സര്‍ചാര്‍ജ് ഈടാക്കാം.വൈദ്യുതി വാങ്ങുമ്ബോഴുണ്ടാകുന്ന അധികചെലവുകളും ഉപഭോക്താക്കളില്‍ നിന്ന് മാസംതോറും ഈടാക്കാനുള്ള അധികാരവും വിതരണ കമ്ബനികള്‍ക്ക് ചട്ടപ്രകാരം ലഭിച്ചു. ചൊവ്വാഴ്ചത്തെ ഔദ്യോഗിക തല ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കും. പെട്രോള്‍, ഡീസല്‍ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും കൂട്ടാനാകും. എന്നാല്‍ കെ.എസ്.ഇ.ബി പൊതുമേഖല സ്ഥാപനമായതിനാല്‍ കേരള സര്‍ക്കാര്‍ ഒരു നയം പ്രഖ്യാപിച്ചാല്‍ അതിന് വിരുദ്ധമായി ഒന്നുമുണ്ടാകില്ല.