മുന്നണിപ്പോരാളികൾ മുന്നിൽത്തന്നെയുണ്ട് – ശമ്പളക്കമ്മീഷൻ അവഗണിച്ചെങ്കിലും ….
കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്നതിനിടെ രോഗപ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം, ആശുപത്രികളിൽ സൗകര്യമില്ലാത്തതിനാൽ രോഗികളുടെ ഷിഫ്റ്റിങ്ങ് അടക്കം പ്രതിസന്ധിയിലാവുമ്പോഴും , വാക്സിനേഷൻ ക്യാമ്പയിൻ, സ്വാബ് ടെസ്റ്റിങ്ങ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും , ഹെൽത്ത് ഇൻസ്പെക്ടർ – പബ്ലിക് ഹെൽത്ത് നഴ്സുമാർ ഇപ്പോഴും നിതാന്ത ജാഗ്രതയിലാണ്. 5000 ജനസംഖ്യയ്ക്ക് ഒരു ആരോഗ്യ പ്രവർത്തകൻ – ആരോഗ്യ പ്രവർത്തക ഉണ്ടായിരിക്കണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും രോഗപ്രതിരോധ വിഭാഗത്തിൽ വർഷങ്ങളായി ഒരു സ്ഥിരം തസ്തിക പോലും അധികം സൃഷ്ടിക്കാതെ മറ്റു പല വിഭാഗങ്ങൾക്കും ആവശ്യത്തിലധികം തസ്തിക സൃഷ്ടിക്കയാണ് ഈ മഹാമാരി കാലത്തും അധികാരികൾ ചെയ്തത് . പലസ്ഥലങ്ങളിലും, പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾക്കിടയിലും സർക്കാർ നിർദ്ദേശിക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങൾ പരമാവധി ഊർജ്ജിതമാക്കാൻ ഇപ്പോഴും രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുകയാണിവർ. പതിനൊന്നാം ശമ്പളക്കമ്മീഷൻ ശുപാർശയിൽ അടിസ്ഥാന ശമ്പളത്തിൽ സമാന സ്കെയിലിൽ ഉണ്ടായിരുന്ന പല തസ്തികകളും കോവിഡിന്റെ ആനുകൂല്യത്തിൽ വർദ്ധനവ് നേടിയപ്പോഴും പൊതുജനങ്ങൾ ഒന്നടങ്കം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഭിനന്ദിച്ച ഹെൽത്ത് ഇൻസ്പെക്ടർ – പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തെ ശമ്പളക്കമ്മീഷൻ മന:പൂർവ്വം അവഗണിച്ചു അപമാനിച്ചു. ആയതിൽ പ്രതിഷേധിച്ച് ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് വിട്ടു നിൽക്കുന്നതടക്കമുള്ള പ്രതിഷേധ സമര മുഖത്ത് നിൽക്കുന്ന ഈ അവസരത്തിൽപ്പോലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ഈ വിഭാഗം. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഗുരുതരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അഹോരാത്രം പ്രവർത്തിക്കുമ്പോഴും , തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ കോവി ഡ് മാനദണ്ഡങ്ങൾ , രോഗപ്രതിരോധത്തിന് മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ക്ലാസ്സുകൾ എടുക്കുന്നതിന് രേഖാമൂലം അധികാരികൾ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒഴിവു ദിവസങ്ങളിൽ അടക്കം പ്രവർത്തിച്ചിട്ടും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് യാതൊരു പ്രതിഫലവും ലഭിച്ചിട്ടില്ല എന്നു മാത്രമല്ല തിരഞ്ഞെടുപ്പിനു മുമ്പുള്ള ദിവസങ്ങളിൽ ബൂത്തുകളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും, സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾക്കായി തെരഞ്ഞെടുപ്പ് ദിവസം ആദ്യവസാനം പ്രവർത്തിക്കുകയും, അതിനു ശേഷം PPE കിറ്റ് അടക്കമുള്ള മാലിന്യങ്ങൾ യഥാസ്ഥലത്ത് എത്തിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ഈ വിഭാഗത്തിന് ഇലക്ഷൻ ഡ്യൂട്ടിയായി പരിഗണിച്ച് പോസ്റ്റൽ ബാലറ്റു പോലും നൽകാത്തതിനാൽ ജില്ലയ്ക്ക് പുറത്തുള്ള പല ജീവനക്കാർക്കും വോട്ടവകാശം പോലും നിഷേധിക്കപ്പെട്ടതിലും ശക്തമായ പ്രതിഷേധമുണ്ട്. ഓരോ ആരോഗ്യ കേന്ദ്രത്തിലെയും മുഴുവൻ ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ വിജയമാണ് ഇവിടെ കാണുന്നത്. ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങളിലെ അപര്യാപ്തതകൾക്കിടയിലും പലസ്ഥാപനങ്ങളും 200 ൽ അധികം പേർക്ക് കോവിഡ് പരിശോധനയും, 500 ൽ അധികം പേർക്ക് കുത്തിവയ്പുകളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും , ആരോഗ്യ വകുപ്പ് അധികാരികളുടേയും പെട്ടെന്നുള്ള നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾക്കിടയിൽ ശമ്പളക്കമ്മീഷന്റെ ഈ വെട്ടിനിരത്തൽ ജീവനക്കാരെ മാനസികമായി ഏറെ തളർത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 12000 ത്തോളം വരുന്ന ജീവനക്കാർ കരിദിനാചരണം , പ്രതിഷേധക്കൂട്ടായ്മ , ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു മുമ്പിൽ രാപ്പകൽ പ്രതിഷേധ ധർണ്ണ എന്നിവ നടത്തിയിട്ടുണ്ട്. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു തരാമെന്ന് അധികാരികൾ അറിയിച്ചിട്ടുമുണ്ട്. എങ്കിലും വസ്തുതകൾ തിരിച്ചറിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ – പബ്ലിക് ഹെൽത്ത് വിഭാഗം ജീവനക്കാരുടെ വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു തരാൻ പുതുതായി അധികാരമേൽക്കുന്ന സർക്കാർ തയ്യാറാവണമെന്ന് കേരള പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിൽ ഇടുക്കി ജില്ലാ ജനറൽ കൺവീനർ ജയ്സൺ കെ ജോൺ , ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ ജില്ലാ സെ ക്ര ട്ടറി അരുൺ കുമാർ , പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗം നേതാക്കളായ ദിപ കെ, കെ സാലിക്കുട്ടി, ലില്ലി ജോർജ്ജ് , അനുഷ എന്നിവർ അഭ്യർത്ഥിച്ചു.