ട്രൈബല്‍ കോളജ് കൊണ്ടുവരും; വലിയമാവിലും കൈതപ്പാറയിലും റോഷിക്ക് ഉജ്ജ്വല വരവേല്‍പ്പ്
ചെറുതോണി: 12000 കോടിയുടെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ട്രൈബല്‍ കോളജ് ഇടുക്കിയില്‍ കൊണ്ടുവരുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറക്കുളം പഞ്ചായത്തിലെ വലിയമാവ് കോളനിയില്‍ ഗോത്രജനവിഭാഗങ്ങള്‍ നല്‍കിയ ആവേശ നിര്‍ഭരമായ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു റോഷി. ഗോത്രജനവിഭാഗങ്ങള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇടുക്കി നിയോജക മണ്ഡലത്തിലാണ്. അറക്കുളം, കുടയത്തൂര്‍, വാഴത്തോപ്പ്, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ ആദിവാസി ജനവിഭാഗങ്ങള്‍ ധാരാളമായുണ്ട്. ഗോത്ര സംസ്കൃതിയും സംസ്ക്കാരവും പഠനങ്ങളും പുതിയ ലോകത്തിന് സംഭാവന ചെയ്യാന്‍ ട്രൈബല്‍ കോളജ് ഏറെ പ്രയോജനകരമാകും. ഇടുക്കി ആര്‍ച്ച് ഡാമിന് സ്ഥലനിര്‍ണ്ണയം നടത്തിയ ചെമ്പന്‍ കരിവെള്ളയാന്‍ കൊലുമ്പന് വെള്ളപ്പാറയില്‍ 70 ലക്ഷം രൂപ ചെലവില്‍ സ്മാരകം നിര്‍മ്മിക്കാന്‍ തനിക്ക് കഴിഞ്ഞത് റോഷി അനുസ്മരിച്ചു. നാടുകാണിയില്‍ 7.5 കോടി രൂപ ചെലവില്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐടിഐയും ഹോസ്റ്റലും നിര്‍മ്മിക്കാനായി.
3 കോടി രൂപ ചെലവില്‍ കാഞ്ചിയാര്‍ കോടാലിപ്പാറയില്‍ ട്രൈബല്‍ ഹോസ്റ്റലും നിര്‍മ്മാണം പൂര്‍ത്തിയായി. അറക്കുളത്തെ തന്നെ ഉറുമ്പുള്ള് കോളനിയില്‍ 1 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വലിയമാവ് കോളനി റോഡിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചതായും റോഷി കോളനി നിവാസികളെ അറിയിച്ചു. വൈകിട്ട് 4 മണിയോടെ കഞ്ഞിക്കുഴി – വാഴത്തോപ്പ് – ഉടുമ്പന്നൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി കേന്ദ്രമായ മക്കുവള്ളിയിലും മനയത്തടത്തും കൈതപ്പാറയിലും റോഷി എത്തി. കര്‍ഷകര്‍ ഒന്നാകെ അണിനിരന്ന് ഊഷ്മളമായ വരവേല്‍പ്പാണ് റോഷിക്ക് നല്‍കിയത്. 6 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യോല്‍പ്പാദന വര്‍ധനവിനായി കുടിയിരുത്തിയ പ്രദേശമാണ് ഇവിടം. എന്നാല്‍ 60 വര്‍ഷത്തിലധികമായി ഇവിടെ വൈദ്യുതി ലഭിച്ചിരുന്നില്ല. 3 കോടിരൂപ ചെലവില്‍ പിണറായി സര്‍ക്കാരാണ് ഈ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിച്ചത്. ഇടുക്കി – ഉടുമ്പന്നൂര്‍ റോഡിന് 1 കോടി രൂപ അനുവദിച്ച് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷമാണ് റോഷി കൈതപ്പാറയിലെത്തിയത്. രണ്ടാംഘട്ടവും യാഥാര്‍ത്ഥ്യമാക്കുമെന്ന് റോഷി പറഞ്ഞു. വൈകിട്ട് 6 മണിയോടെ തട്ടേക്കണ്ണിയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് ജനങ്ങള്‍ സ്നേഹനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. 26 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പുരോഗമിക്കുന്ന നേര്യമംഗലം – പനംകൂട്ടി റോഡ് പണികള്‍ ഏറ്റവും വേഗം പൂര്‍ത്തീകരിക്കാന്‍ ഇടപെടുമെന്ന് റോഷി പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച പ്രദേശങ്ങളിലൊന്നാണ് തട്ടേക്കണ്ണി. അക്കാലയളവില്‍ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് സര്‍ക്കാര്‍ ഒപ്പം നിന്ന കാര്യവും റോഷിയും വോട്ടര്‍മാരും ഓര്‍ത്തെടുത്തു.