സജി ചെറിയാന്റെ വിവാദപ്രസംഗം; പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് ഗവർണർ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെട്ടു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ മന്ത്രിയുടെ പരാമർശം ഗൗരവമായാണ് കാണുന്നതെന്ന് രാജ്ഭവൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഗവർണർ ഇന്ന് തന്നെ പ്രതികരിക്കുമെന്നും രാജ്ഭവൻ അറിയിച്ചു.
സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. ഇക്കാര്യം ജില്ലാ നേതൃത്വത്തോട് ചോദിക്കും. അതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും അവർ പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിലാണ് മന്ത്രി ഗുരുതരമായ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ അനുയോജ്യമായ ഭരണഘടനയാണ് എഴുതിയിരിക്കുന്നതെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ബ്രിട്ടിഷുകാരന് പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. 75 വർഷമായി ഇത് രാജ്യത്ത് നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.