‘വിമാനത്തിനുള്ളിൽ പ്രതിരോധിച്ചതാണ്, വിമാനക്കമ്പനി തന്നോട് നന്ദി പറയണം’
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ അക്രമം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ, പ്രതിരോധിക്കുകയായിരുന്നെന്നും അതിന് വിമാനക്കമ്പനി നന്ദി പറയണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു വെടിവെപ്പുമുണ്ടാക്കിയുള്ള സംഘര്‍ഷമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നുവെന്ന പ്രസ്താവനയും ജയരാജൻ തിരുത്തി.
മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന ചോദ്യത്തിന് കള്ള് കുടിക്കാത്തതാണോ ഇവിടെ പ്രശ്നമെന്നായിരുന്നു ഇ.പിയുടെ മറുപടി. അവരുടെ വിമാനത്തിനുള്ളിലെ പ്രവർത്തി കാണുമ്പോൾ ആർക്കും അങ്ങനെ തോന്നിപോവും, തനിക്ക് തോന്നിയതാണ് ഞാൻ പറഞ്ഞതെന്നും ജയരാജൻ പറഞ്ഞു.
വി ഡി സതീശനും, കെ സുധാകരനും കൂടിയാണ് അവരെ വിമാനത്തിൽ കയറ്റിവിട്ടത്. ഒരു സാമാന്യബുദ്ധിയുള്ള മനുഷ്യനും ചെയ്യുന്നതല്ല അവർ ചെയ്തത്. സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിഞ്ഞ സ്വപ്നയാണ് ഇപ്പോൾ യു.ഡി.എഫിന്റെ മുഖ്യ സംരക്ഷക. ഗാന്ധിസവും നെഹ്റുയിസവും ഉപേക്ഷിച്ച് കോണ്‍ഗ്രസ് ഇപ്പോൾ മറ്റേതോ ഇസത്തിന് പിറകിലാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.