പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വെട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു
മൂന്നാര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വെട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു.
മൂന്നാര്‍ ടൗണ്‍ സ്വദേശിയായ വിദ്യാര്‍ഥി സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് വെട്ടിയത്. ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴുത്തിലും കൈക്കും പരിക്കേറ്റ പെണ്‍കുട്ടിയെ കോയമ്ബത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്കൂള്‍ ബസില്‍ വീടിന് സമീപത്ത് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് എത്തിയ വിദ്യാര്‍ഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടുപോയി. പിന്‍ഭാഗത്തുള്ള ശുചിമുറിയുടെ സമീപം ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പ്രകോപിതനായ വിദ്യാര്‍ഥി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. വീടിന് സമീപം കാത്തുനിന്ന അമ്മ, ശരീരം മുഴുവന്‍ രക്തമൊലിച്ച് ഓടി വരുന്ന മകളെയാണ് കണ്ടത്.
അലറി വിളിച്ച അമ്മ അയല്‍ക്കാരെയും കൂട്ടി പെണ്‍കുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി ഓടിപ്പോകുന്നത് കണ്ട വിദ്യാര്‍ഥി ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. കൈത്തണ്ടയിലും സ്വയം പരിക്കേല്‍പ്പിച്ചു.
ദേഹമാസകലം രക്തം പടര്‍ന്നതോടെ അടുത്തുള്ള ഒരു തോടിനു സമീപം വീണു. വിദ്യാര്‍ഥിയുടെ സമീപത്തേക്ക് അടുക്കാന്‍ നാട്ടുകാര്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.