San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആംബുലൻസില്ല, പേവാർഡ് തുറന്നില്ല; ദുരിതത്തിലായി കഞ്ഞിക്കുഴി സർക്കാർ ആശുപത്രി



ചെറുതോണി : ആംബുലൻസുകൾ കട്ടപ്പുറത്തായതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻപോലും മാർഗമില്ലാതെ ദുരിതത്തിലായി കഞ്ഞിക്കുഴി സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രം. കാലാവധികഴിഞ്ഞ രണ്ട്‌ ആംബുലൻസുകളും ആറുമാസമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ആശുപത്രിയിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ജീപ്പും ഷെഡ്ഡിൽ വിശ്രമിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അവഗണനയും മൂലം തള്ളക്കാനത്തുള്ള ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ കഞ്ഞിക്കുഴിയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമാണ്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ആശുപത്രിയിൽ ആവശ്യത്തിന് മരുന്നും ഡോക്ടർമാരുമുണ്ടായിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു.

മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമിച്ച പേവാർഡ് ഇതുവരെ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചിട്ടില്ല. പേവാർഡിലേക്ക് അനുവദിച്ച അഞ്ചു കിടക്കകൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ആശുപത്രി വികസന സമിതി ഭരണമാറ്റത്തിനുശേഷം ചേർന്നിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

ഡോക്ടർമാർക്ക് താമസിക്കാനുംസൗകര്യമില്ല

ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കാൻ ആവശ്യമായ ക്വാർട്ടേഴ്സുകളില്ലാത്തതും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കാലപ്പഴക്കം ചെന്ന മൂന്ന് ക്വാർട്ടേഴ്സുകളാണ് ഇവിടെയുള്ളത്. മുറികൾ ഇടിഞ്ഞുവീഴാറായ നിലയിലായതിനാൽ ജീവൻ പണയംവെച്ചാണ് ഡോക്ടർമാർ ഇവിടെ താമസിക്കുന്നതെന്നാണ് ആക്ഷേപം.


അത്യാവശ്യ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കും കോട്ടയം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യുന്ന രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമല്ലാത്തതാണ് പ്രധാന പ്രതിസന്ധി. ബന്ധുക്കൾ ഭീമമായ തുക ചെലവഴിച്ച് സ്വകാര്യ വാഹനങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്നു. അടിയന്തരഘട്ടങ്ങളിൽ രോഗികളെ വേഗത്തിൽ മറ്റൊരു ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമില്ലാത്തത് സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങൾക്ക് പകരം സംവിധാനം ഒരുക്കാനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പേവാർഡ് തുറന്ന് പ്രവർത്തിപ്പിക്കുകയും ക്വാർട്ടേഴ്സുകൾ നവീകരിക്കുകയും ആശുപത്രി വികസന സമിതി പുനഃസംഘടിപ്പിക്കുകയും വേണം. അധികൃതർ അടിയന്തരമായി ഇടപെട്ട് ആശുപത്രിക്ക് ആവശ്യമായ ചികിത്സ നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!