കട്ടപ്പനയിൽ 6 മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മാതാപിതാക്കളും ഇടനിലക്കാരനും കട്ടപ്പന പൊലീസ് പിടിയിൽ

കഞ്ഞിക്കുഴിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശികളായ ദമ്പതികൾ, ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി നൽകുന്ന ഏജന്റും അസം സ്വദേശിയുമായ ജാദു ഗോഗോയുമാണ് അറസ്റ്റിലായത്. രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ബ്രോക്കറെ സമീപിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വിൽക്കാൻ ബ്രോക്കർ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും, രണ്ടര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് കട്ടപ്പനയിലുള്ള മലയാളി സുഹൃത്ത് കുട്ടിയെ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെയാണ് വിവരം പൊലീസിന് കൈമാറിയത്.മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ നിലവിൽ അസമിലെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




































































































































