ജൂലൈ 25 മുതൽ ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കും; ജിഎസ്ടി എൻഫോഴ്സ്മെന്റ് വീണ്ടും സജീവമാകുന്നു

സംസ്ഥാനത്ത് ഓണക്കാല വ്യാപാരം സജീവമാകുന്ന സാഹചര്യത്തിൽ നികുതി വെട്ടിപ്പ് തടയുന്നതിനും സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം “ഓണം സ്പെഷ്യൽ ഡ്രൈവ്–2026” പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്താനാണ് തീരുമാനം. കഴിഞ്ഞ ഏതാനും മാസങ്ങളായി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യമായി കാണാനില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഓണക്കാലത്ത് പ്രത്യേക ഡ്രൈവുമായി വകുപ്പ് വീണ്ടും സജീവമാകുന്നത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബിൽ നൽകാതെയുള്ള വിൽപ്പന കണ്ടെത്തൽ, ഉപഭോക്താക്കൾക്ക് ബിൽ നിർബന്ധമായും നൽകുന്നുണ്ടോയെന്ന് പരിശോധിക്കൽ, പാർസൽ ഓപ്പറേറ്റർമാർ, ഗോഡൗണുകൾ, ചരക്ക് നീക്കം എന്നിവയിൽ പരിശോധന, രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന, ബിൽ നൽകാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികളിൽ അന്വേഷണം, BIFA/Comprehensive Analytical Report അടിസ്ഥാനമാക്കി ഉയർന്ന റിസ്ക് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന, വകുപ്പ് 24(ii) പ്രകാരം രജിസ്ട്രേഷൻ നിർബന്ധമായ സ്ഥാപനങ്ങൾ കണ്ടെത്തൽ, റെയിൽവേ വഴി നടക്കുന്ന ചരക്ക് നീക്കങ്ങളിൽ നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള വിവിധ നടപടികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.







































































































































