കട്ടപ്പന പുളിയന്മലയിൽ ജൂലൈ 27 ന് കാർഡമം കോൺക്ലേവ്;ഏലം കർഷകരുടെ ഭൂവിഷയങ്ങൾ ചർച്ചയാകും

പ്ലാൻ്റേഴ്‌സ് ക്ലബ് പുളിയന്മലയുടെ നേതൃത്വത്തിലും, മേഖലയിലെ വിവിധ ഏലം കർഷക സംഘടനകളുടേയും അനുബന്ധ സംഘടനകളുടേയും സഹകരണത്തോടെ ജൂലൈ 27 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ കാർഡമം കോൺക്ലേവ് – 2026 പ്ലാന്റേഴ്‌സ് ക്ലബിൻ്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തും.കാർഡമം കോൺക്ലേവിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് MLA,റോയ് കെ.പൗലോസ് MLA, അഡ്വക്കേറ്റ് സിറിയക് തോമസ് MLA, അഡ്വക്കേറ്റ് സേനാപതി വേണു MLA, F രാജ MLA, ഇടുക്കി ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് I.A.S, തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പി.സി സിറിയക് I.A.S എന്നിവരും, ഏലം കാർഷിക-വ്യാപാര മേഖലയിലെ സംഘടന പ്രതിനിധികളും, നിയമവിദഗ്ദ്ധരും പങ്കെടുക്കും.
നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ഏലകൃഷി ആരംഭിച്ച പശ്ചിമഘട്ട മേഖലയായ കിഴക്കൻമലയിൽ ഇന്നും ഏല കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കർഷകർ നേരിടുന്ന വിവിധ ഭൂസംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ഭരണകൂടത്തിൻ്റെ അടിയന്തര ക്ഷണിക്കുകയുമാണ് കോൺക്ലേവിൻ്റെ പ്രധാന ലക്ഷ്യം.
ഏലം കൃഷിക്കായി പതിച്ചു നൽകിയ സി.എച്ച്.ആർ മേഖലയുമായി ബന്ധപ്പെട്ട നിയമപരമായ അവ്യക്തതകൾ, വിവിധി കാലഘട്ടങ്ങളിലെ നിയമങ്ങളുടെ പ്രായോഗികത, നിലവിലെ സാഹചര്യത്തിൽ ആവശ്യമായ നിയമഭേദഗതികൾ എന്നിവ കോൺക്ലേവിൽ വിശദമായി ചർച്ച ചെയ്യും. ഏലം പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം, സി.എച്ച്.ആർ പരിധിക്കുള്ളിലെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിലെ തടസ്സങ്ങൾ,
കുത്തകപ്പാട്ട ഭൂമിയുടെ പുതുക്കൽ തുടങ്ങിയ വിഷയങ്ങളും പ്രധാന ചർച്ച വിഷയങ്ങളാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പരിഹരിക്കപ്പെടാതെയും, നിയമഭേദഗതി വരുത്താതെയും നിലനിൽക്കുന്ന ഭൂവിഷയങ്ങളും, ഗാഡ്‌ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിലെ ശുപാർശകൾ കാർഷിക മേഖലയിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നതിനെതിരെയും, പരിസ്ഥിതി സ്നേഹമെന്ന പേരിൽ കർഷകർ ക്കുമേൽ കരിനിഴൽ വീഴ്ത്തി കർഷകരുടെ സ്വതന്ത്ര ജീവിതം തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്നവരുടെ നിഗൂഡ അജണ്ടയും, ഭരണാധികാരി കളുമായും, പൊതു സമൂഹത്തിന്റെയും മുന്നിൽ അനാവരണം ചെയ്യാൻ ഉള്ള അവസരമായാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.അതേ സമയം, സർക്കാരിൻ്റെ ഏതെങ്കിലും നടപടികളിൽ വിമർശനമോ, പരാതിയോ ഉന്നയിക്കാനുള്ള വേദിയായി കോൺക്ലേവിനെ കാണുന്നില്ല. ഏലം കർഷകരുടെ പ്രശ്‌നങ്ങൾക്ക് പ്രായോഗികവും നിയമപരവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി സംഘടിപ്പിക്കു ന്നതെന്നും പ്ലാന്റേഴ്‌സ് ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ പ്ലാൻ്റേഴ്‌സ് ക്ലബ് പ്രസിഡന്റ്റ് സിബി എബ്രഹാം, സെക്രട്ടറി റോബി ജോസഫ്, കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ വണ്ടൻമേട് പ്രസിഡൻ്റ് ആൻ്റണി മാത്യു, ജനറൽ സെക്രട്ടറി അഡ്വ: ഷൈൻ വർഗീസ്, അഡ്‌മിനിസ്ട്രേറ്റീവ് സെക്രട്ടറി പി.സി മാത്യു, കേരള കാർഡമം ഗ്രോവേഴ്‌സ് യൂണിയൻ കമ്പം പ്രസിഡന്റ് ടി.ജി കുമരൻ, ട്രഷറർ തിരുമുരുകൻ, കാർഡമം പ്ലാൻ്റേഴ്‌സ് ഫെഡറേഷൻ ട്രഷറർ ജീവാനന്ദൻ, ഇടുക്കി ജില്ല അഗ്രോ ഇൻപുട്ട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സി.ഡി ശ്രീകുമാർ, സെക്രട്ടറി ജോണി എന്നിവർ പങ്കെടുത്തു.







































































































































