കൊല്ലത്ത് ബിജെപി നേതാവിൻ്റെ മകനെ ക്രൂരമായി മർദിച്ച സംഭവം:ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ പിടികൂടാതെ പൊലീസ്

ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്തെ ബിജെപിയുടെ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിൻ്റെ മകൻ പൃഥിരാജിനെയാണ് ക്രൂരമായി അക്രമിച്ചത്. ശൂരനാട് കുമരം ചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ബന്ധുവിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൃഥ്വിരാജിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഇടിവള കൊണ്ടുള്ള മര്‍ദനത്തില്‍ പൃഥ്വിരാജിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.









































































