‘ ചിരിപ്പിച്ചു നേടിയ വിജയം’ തിയേറ്ററിൽ എത്തി 3 ദിവസം കൊണ്ട് പ്രകമ്പനം നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ

പ്രേക്ഷക പ്രതികരണത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂർ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളിൽ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വർധിച്ചതോടെ നിരവധി കേന്ദ്രങ്ങളിൽ എക്സ്ട്രാ ഷോകൾ ഉൾപ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.
തിയേറ്ററിൽ എത്തി 3 ദിവസം പിന്നിടുമ്പോൾ സിനിമ ഞെട്ടിക്കുന്ന കളക്ഷൻ ആണ് നേടിയിരിക്കുന്നത്. 5.44 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത. റിലീസ് ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ‘പ്രകമ്പനം’ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകർഷിച്ചു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണ് എക്സ്ട്രാ ഷോകൾക്ക് വഴിയൊരുക്കിയത്. ചില ഇടങ്ങളിൽ മോർണിംഗ് ഷോകളും സെക്കൻഡ് ഷോ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിനയ മികവും സാങ്കേതിക മികവും ചേർന്ന ചിത്രത്തിന്റെ അവതരണ ശൈലിയാണ് പ്രേക്ഷകരെ കൈയ്യടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും മികച്ച പ്രതികരണങ്ങളാണ് ഒഴുകിയെത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ തിയേറ്ററുകളിൽ എക്സ്ട്രാ ഷോകൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് തീയേറ്റർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മൊത്തത്തിൽ, വേൾഡ് വൈഡ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ‘പ്രകമ്പനം’ ബോക്‌സ് ഓഫിസിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് പ്രകമ്പനം നൽകുന്നത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് പ്രകമ്പനം. രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്‌ലുവൻസേഴ്‌സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.































































































































