അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയ്ക്ക് പരാതി നൽകി

വെളളയാംകുടി ടൗണിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിൽ വലിയ വലുപ്പത്തിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ’ കുട്ടികൾക്ക് ഭീഷണി ഉയർത്തുന്ന വിധത്തിലാണുള്ളത്. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ളാസ് വരെ രണ്ടായിരത്തോളം കുട്ടികൾ വിവിധ സ്‌കൂളുകളിലായി ഈ പ്രദേശത്തു പഠനം നടത്തുന്നുണ്ട്. ഈ കുട്ടികൾ സഞ്ചരിക്കുന്നത്, ഭീമാകാരമായ ഈ പരസ്യബോർഡിനു കീഴിലൂടെയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് ഇവിടെ മറ്റൊരു പരസ്യ ബോർഡ് സ്ഥാപിക്കുകയും കനത്ത കാറ്റിലും മഴയിലും ഇത് മറിഞ്ഞു നിലത്തു വീഴുകയും ചെയ്‌തതാണ്. സമാനമായ കാലാവസ്ഥ സാഹചര്യവും അപകടകരമായ അവസ്ഥയും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വെള്ളയാംകുടി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഹൈ മാസ്റ്റ് ലൈറ്റിന് മുൻവശത്തായിട്ടാണ് ഈ പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിൽ സ്‌കൂൾ ഉൾപ്പെടെയുള്ള ഭാഗത്തേയ്ക്ക് വെളിച്ചം ലഭിക്കുന്നതിന് ഇത് തടസമായി നിൽക്കുകയും ചെയ്യുന്നു. രാത്രി കാലങ്ങളിൽ വെളിച്ചം ഈ പ്രദേശത്തേയ്ക്ക് ലഭിക്കാതെ വന്നാൽ സാമൂഹ്യ വിരുദ്ധ ശല്യം പ്രദേശത്തുണ്ടാകാൻ സാധ്യതകളേറെയുമാണ്. മേൽ സൂചിപ്പിച്ച കാര്യങ്ങൾ പ്രത്യേകമായി പരിഗണിച്ച്, ഈ പരസ്യ ബോർഡിൻ്റെ വലുപ്പം കുറയ്ക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കട്ടപ്പന നഗരസഭയ്ക്ക് പരാതി നൽകിയത്













































































